Name:
Location: Muelheim an der Ruhr, Germany

Sunday, August 27, 2006

ആയകാല സ്മരണകള്‍ - ഭാഗം 1, ഡമ്മി

വിദ്യഭ്യാസകാലഘട്ടത്തില്‍ എന്നും ഞാന്‍ ഓര്‍ക്കുന്നതു എന്റെ എം. എസ്. സി. കാലമാണ്. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ കലാലയത്തില്‍ ഒരു മൂന്നു മാസം പഠിക്കാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചിരുന്നു. അക്കാലത്ത് എന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത ഒരു സംഭവമാണ് കഥക്ക് ആധാരം. ജീവിത പന്ഥാവിലെ ഭൂരിഭാഗവും ഒരു പുസ്തകപ്പുഴു ആയി ജീവിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നു ഞാന്‍ എന്നെ വിശ്വസിപ്പിച്ച കാലമായിരുന്നു അത്. അങ്ങിനെ ഞാന്‍, എന്റെ ലോകം, സ്വന്തം പ്രശ്നങള്‍ എന്നതിലൊക്കെ ഒതുങ്ങി ജീവിച്ചിരുന്ന സമയം. അന്ന് കഥാനായകനായിരുന്ന ഈയുള്ളവന്‍ താമസിച്ചിരുന്നതു കലാലയത്തിലെ തന്നെ ഒരു ഹോസ്റ്റലില്‍ ആയിരുന്നു. ഹോസ്റ്റെല്‍ എന്നു വെറുതേ പറയാതെ ഒരു രണ്ടു വാ‍ചകം കൂടി ചേര്‍ത്തേക്കാം. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാര സദ്രുശ്യമായ ആഡംബരങ്ങള്‍ ഒന്നും ഇല്ലെങ്കിലും കെട്ടിടത്തിനു കൊട്ടാരമോളം തന്നെ പഴക്കം ഉണ്ടായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു നിദ്രയുടെ ഭംഗി ആസ്വദിക്കുബോള്‍കിരൂ..കിരൂഎന്നു ശബ്ദം ഉണ്ടാക്കുന്ന കിടക്കയും, അര്‍ഥരാത്രിയില്‍ ചിലങ്ക ധരിച്ച് ന്രുത്തം ചെയ്യുന്ന നാഗവല്ലിയെപ്പോലെ ഉത്തരത്തില്‍ ഓടിക്കളിക്കുന്ന എലികളും, നിങ്ങളെക്കാള്‍ കൂടുതല്‍ ഇവിടെ അവകാശം ഞങ്ങള്‍ക്കാണെന്ന ഭാവത്തില്‍ കുളിമുറിയുടെ ചുവരുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അട്ടകളും ഒച്ചുകളും, കാവിലെ പൂരം കാണാന്‍ പോകുകയാണെന്ന വ്യാജേന അതു വഴി വല്ലപ്പോഴും ഇഴഞ്ഞു നീങ്ങുന്ന പാവം പാമ്പുകളും ഒക്കെ ഉണ്ടായിരുന്ന ഒരു കൊച്ചു കൊട്ടാരമായിരുന്നു അവിടം.
അങ്ങിനെ എല്ലാം അതിന്റെ മുറക്ക് പോകുന്നു എന്നു സങ്കല്പിച്ച് കഴിഞ്ഞുകൂടുംബോഴാണ് കലാലയത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആരു മത്സരിച്ചാലും എനിക്കു പുല്ലാണെന്ന മട്ടില്‍ ഞാനും കഴിഞ്ഞു. എന്നാലും വരാനുള്ളതു വഴിയില്‍ തങ്ങില്ല എന്ന് പണ്ടാരോ പറഞ്ഞത് നേരാണെന്ന് മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. രണ്ടു പ്രമുഖ പാര്‍ട്ടിക്കാരാന്ണു ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്, രണ്ടുപേരും പ്രബലര്‍, ജനസമ്മതര്‍. ഇതില്‍ ഒരു സ്ഥാനാര്‍ത്ഥി താമസിച്ചിരുന്നതു ഞങ്ങളുടെ ഹോസ്റ്റലില്‍ തന്നെ ആയിരുന്നു. ചൂടുപിടിച്ച തിരഞ്ഞെടുപ്പു ചര്‍ച്ചക്കിടയിലാണു അദ്ദെഹം ഒരു കാര്യം കണ്ടുപിടിച്ചത്. എന്റെ പേരും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ഒന്നാണെന്ന്, മാത്രമല്ല അക്ഷരമാലാക്രമത്തില്‍ ഇട്ടാല്‍ എന്റെ പേരു അവന്റെ പേരിനു മുന്നില്‍ വരുമത്രേ. അങ്ങിനെ തിരഞ്ഞെടുപ്പില്‍ ഒരു ഡമ്മി സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹം എന്നെ സ്നേഹപൂര്‍വ്വം നിര്‍ബധിച്ചു. മനുഷ്യനോടുള്ള സ്നേഹം കൊണ്ടോ അതോ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദം കൊണ്ടോ എന്ന് എനിക്കറിയില്ല, ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ സമ്മതം മൂളി. പിറ്റേദിവസം തന്നെ രഹസ്യമായി നാമനിര്‍ദ്ദേശപ്പത്രികയും സമര്‍പ്പിച്ചു. അങ്ങിനെ അവസാനം ഞാനും ഒരു സ്ഥാ`നാര്‍ത്തിആയി മാറി.
പിറ്റേന്ന് ഇതൊന്നും വലിയ കര്യമാക്കാതെ ഞാന്‍ കലാലയത്തിലേക്ക് പോയി. പലരും എന്നെ മിഴിച്ച് നോക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ അടക്കം പറയുന്നത് കേട്ടു പോകുന്ന തെണ്ടിയാണ് നമ്മുടെ ഗോപന്‍ ചേട്ടന് ഡമ്മി കൊടുത്തത്”. പക്ഷേ ഞാന്‍ അങ്ങിനെ ഒന്നും ചിന്തിച്ചിരുന്നില്ല, എന്റെ നിഷ്കളങ്കത ആരും ഒട്ടു മനസ്സിലക്കിയതും ഇല്ല. ഏന്തൊക്കെയായാലും അതിലും വലുതെന്തോ എന്നെ കാത്ത് കിടപ്പുണ്ടായിരുന്നിരിക്കാം.
ക്ലാസ്സില്‍ ചെന്നു സീറ്റില്‍ ഇരിക്കുബോഴും ആരൊക്കെയോ അടക്കം പറയുന്നതു കേള്‍ക്കാമായിരുന്നു. അദ്ധ്യാപകന്‍ ഒരു തന്മാത്രയെ തിരിച്ചും മറിച്ചും കാണിക്കുന്നു, കുട്ടികള്‍ അതു കണ്ട് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു, എന്റെ മനസ്സ് അവിടെ എങ്ങും ആയിരുന്നില്ല. ആല്പസമയം കഴിഞ്ഞപ്പോള്‍ എന്റെ പേരുള്ള സ്ഥനാര്‍ത്ഥി എന്നെ കാണാന്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക പിന്വലിക്കണമെന്നും, തിരഞ്ഞെടുപ്പ് തനിക്കു അത്രക്കും പ്രധാനപ്പെട്ടതാണെന്നും പറഞ്ഞു. ചെയ്തതു വളരെ മോശമായിപ്പോയി എന്നു എനിക്കും തോന്നി. കുറച്ച് കഴിഞ്ഞപ്പോള്‍ രണ്ടാം പര്‍ട്ടിക്കാര്‍ വന്ന് എന്തു തന്നെ സംഭവിച്ചാലും ഇളകരുത് എന്നും ഞങ്ങള്‍ കൂടെ ഉണ്ട് എന്നും പറഞ്ഞു. ആങ്ങിനെ ചെക്കുത്താനും കടലിനും ഇടയിലായി എന്റെ അവസ്ഥ. ഏന്റെ അവസ്ഥ മനസ്സിലാക്കിയതുകൊണ്ടാകണം എന്റെ പേരുള്ള സ്ഥാനാര്‍ത്ഥി എന്നോട് പറഞ്ഞുപ്രചരണത്തില്‍ ഞാന്‍ പലതും പറഞ്ഞേക്കാം, ഒന്നും വിചാരിക്കരുത്, എനിക്ക് ജയിച്ചേ പറ്റൂ”. ഓരു ഡമ്മിയുടെ അവസ്ഥകള്‍ അന്നാണ് ഞാന്‍ അറിയാന്‍ ശ്രമിച്ചത്. ചിന്തിക്കാതെ എടുത്ത് ചാടിയതിന്റെ ഫലം. അക്കാലത്ത് ഇറങ്ങിയ ഒരു പോസ്റ്ററിന്റെ അടിയില്‍ ഇങ്ങനെ എഴുതിയിരുന്നത് ചുവന്ന അക്ഷരത്തില്‍ അടിവര ഇട്ട് എന്റെ ഒരു സുഹ്രുത്ത് എനിക്കു തന്നത് ഞാന്‍ ഓര്‍ക്കുന്നുപോരാട്ടത്തിലെ ശിഖണ്ടികളെ തിരിച്ചറിയുക”. തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്ക് മുന്‍പേ ഞാന്‍ കലാലയത്തില്‍ നിന്നും വീട്ടിലേക്ക് ഒളിച്ചോടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം ഒന്നു തണുത്തിട്ടാണ് ഞാന്‍ പിന്നെ മടങ്ങിയത്. വരുന്ന വഴിയില്‍ ഞാന്‍ ആകാംഷയോടെ പോസ്റ്ററുകള്‍ നോക്കിയിരുന്നു, ആരാണ് ജയിച്ചത് എന്ന് അറിയാന്‍. ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വിവരം ഞാന്‍ അറിഞ്ഞത് ഞാന്‍ ഡമ്മി കൊടുത്ത ആള്‍ വന്‍ ഭൂരിപക്ഷതോടെ ജയിച്ചു.

കുറച്ച് നാള്‍ക്കു ശേഷം എന്നെ കണ്ടപ്പോള്‍ ഓടി വന്ന് അദ്ദേഹം എനിക്കു കയ്യ് തന്നു. “സുഹ്രുത്തേ, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും ഭൂരിപക്ഷത്തില്‍ ജയിക്കില്ലായിരുന്നു. നന്നി, തിരഞ്ഞെടുപ്പില്‍ എനിക്കു താങ്കളെ കുറിച്ച് പലതും പറയേണ്ടിവന്നു. ക്ഷമിക്കണം. ഒക്കെ അതിന്റെ ഒരു സ്പിരിറ്റില്‍ എടുത്താല്‍ മതി”. എന്നിരുന്നാലും എന്റെ പിന്നീടുള്ള് കലാലയ ജീവിതത്തിനെ അതു ബാധിച്ചിരുന്നു, എന്റെ മനസ്സിലെ കുറ്റബോധം. ഭാഗ്യവശാല്‍ അധികം താമസിയാതെ എനിക്ക് മറ്റൊരു സ്ഥലത്ത് എം. എസ്. സി. ക്ക് അട്മിഷന്‍ കിട്ടുകയും ഞാന്‍ അങ്ങോട്ട് ചേക്കേറുകയും ചെയ്തു. ഇന്ന് തിരിഞ്ഞ് നോക്കുബോള്‍ ഇതൊക്കെ ഒരു തമാശയായി എനിക്കു തോന്നുന്നുണ്ടെങ്കിലും, അന്നു ഞാന്‍ അനുഭവിച്ച് മാനസികാസ്വാസ്ഥ്യത്തിന് കയ്യും കണക്കും ഇല്ല. എന്തൊക്കെയായാലും, ആ‍ സംഭവം എന്റെ ജീവിതത്തിലേക്കുള്ള ഒരു നല്ല പാഠമായി ഞാന്‍ ഇന്നും സൂക്ഷിക്കുന്നു.

2 Comments:

Blogger ലാപുട said...

ഗോപ്സ്....കണ്ടു.. കണ്ടു...
സംഭവം എനിക്കറിയാമായിരുന്നെങ്കിലും എഴുതിയിരിക്കുന്നതു കണ്ടപ്പോള്‍ രസം തോന്നി...
ഇനി നിന്റെ ഫോട്ടോകള്‍ പോരട്ടെ....

Monday, August 28, 2006 4:03:00 PM  
Blogger ഗോപന്‍ said...

ലാപുട, പടം പിടുത്തം ഇടക്കാലത്ത് നിര്‍ത്തിവച്ചിരിക്കുകയാരുന്നു. പിന്നെ പഴയ ചിത്രങ്ങള്‍ നിങ്ങളൊക്കെ കണ്ടതുമാണല്ലോ. :)

Tuesday, August 29, 2006 9:42:00 AM  

Post a Comment

Links to this post:

Create a Link

<< Home