Name:
Location: Kalpakkam, India

Saturday, November 09, 2024

അമൃത - സഞ്ജീവനി

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണു അമൃത സഞ്ജീവനിയെ കണ്ടുമുട്ടിയതു. അവളുടെ ആറാം പിറന്നാള്‍ ദിവസം അപ്പൂപ്പന്‍ അവള്‍ക്കു പരിചയപ്പെടുത്തിയ പുതിയ കൂട്ടുകാരി. "അമൃത, ഇതാണു നിന്റെ പുതിയ കൂട്ടുകാരി സഞ്ജീവനി" അപ്പൂപ്പന്‍ അതു പറയുബോള്‍ സഞ്ജീവനി എല്ലാവരുടെയും മുഖത്തേക്കു പരിഭ്രമത്തോടെ നോക്കുന്നുണ്ടായിരുന്നു. അന്നുമുതല്‍ സഞ്ജീവനി അമൃതയോടൊപ്പമാണു താമസം. “കണ്ടോ! ഇന്നഞ്ചെണ്ണമാണു കിട്ടിയതു. എട്ടെണ്ണമെങ്കിലും കിട്ടേണ്ടതായിരുന്നു. തിരികെ വരും വഴി ആ വിക്രുതി രാജു തട്ടിക്കളഞ്ഞതാ" കയ്യില്‍ ഒളിപ്പിച്ചു വച്ച മഞ്ചാടിക്കുരുക്കള്‍ കാട്ടി അമൃത പറഞ്ഞു. സഞ്ജീവനി അവളെയും മഞ്ചാടിക്കുരുക്കളെയും മാറി മാറി നോക്കി. സ്കൂളില്‍ നിന്നും വരും വഴി അവള്‍ പറുക്കിയെടുത്തതാണവ. അമൃത മഞ്ചാടിക്കുരുക്കള്‍ ചില്ലു കുപ്പിയിലേക്കിട്ടു. "ഇതു നിറയുബോള്‍ നീ എന്തുചെയ്യും" സഞ്ജീവനി ചോദിച്ചു “അറിയില്ല! മറ്റൊരു കുപ്പിയെടുക്കണം" "അതു നിറയുബോളോ" “അതു നിറയുബോള്‍ മറ്റൊരു കുപ്പി, വീണ്ടും മറ്റൊന്ന്, അങ്ങിനെ ഈ മുറി മുഴുവന്‍ കുപ്പികള്‍. അതില്‍ നിറയെ മഞ്ചാടിക്കുരുക്കള്‍. അങ്ങിനെയങ്ങിനെ ഈ ലോകം മഴുവന്‍ കുപ്പികള്‍. അതില്‍ നിറയെ മഞ്ചാടിക്കുരുക്കള്‍" അമൃത ആവേശത്തില്‍ പറഞ്ഞു നിര്‍ത്തി. "ലോകം മുഴുവന്‍ മഞ്ചാടിക്കുരുക്കള്‍ കൊണ്ടു നിറയ്ക്കാന്‍ എല്ലാവരും സമ്മതിക്കുമോ" സഞ്ജീവനിക്കു സംശയമായി “സമ്മതിക്കാതിരിക്കുമോ?" അമൃതയ്ക്കും സംശയമായി. "അയ്യോ! അങ്ങിനെ വന്നാല്‍ ഞാനെന്തു ചെയ്യും" അമൃതയുടെ പുരികക്കൊടികള്‍ ഉയര്‍ന്നു. “അറിയില്ല" അമൃത കണ്ണുകള്‍ അടച്ച് കൈമലര്‍ത്തി കാണിച്ചു. ഉത്തരം കിട്ടാനെന്നപോലെ സഞ്ജീവനി അവളെതന്നെ നോക്കി നിന്നു. അമൃതക്കു പെട്ടന്നൊരു ആശയമുദിച്ചു "നമുക്കൊരു കാര്യം ചെയ്താലോ? ഈ മഞ്ചാടിക്കുരുക്കളെ ആത്മാക്കളുടെ ലോകത്തു കൊണ്ടു വയ്ക്കാം" അപ്പൂപ്പനില്‍ നിന്നുമാണു അമൃത ആത്മാക്കളുടെ ലോകത്തേക്കുറിച്ചു കേള്‍ക്കുന്നതു. “എവിടെയാണപ്പൂപ്പാ സഞ്ജീവനിയുടെ അച്ഛനും അമ്മയും" ഒരിക്കല്‍ അമൃത അപ്പൂപ്പനോടു ചോദിച്ചു. “ആത്മാക്കളുടെ ലോകത്തില്‍" അപ്പൂപ്പന്‍ പറഞ്ഞു. “അതെന്തിനാണു അവര്‍ അവിടെ പോയതു" സംശയത്തോടെ അമൃത ചോദിച്ചു. ഒരു നിമിഷം ആലോചിച്ചിട്ടു അപ്പൂപ്പന്‍ പറഞ്ഞു “സഞ്ജീവനിയുടെ പൂര്‍വികര്‍ പ്രകൃതിയുടെ മക്കളായിരുന്നു. കാറ്റിന്റെ താരാട്ടും, പുതുമഴയിലെ മണ്ണിന്റെ മണവും, തെളിഞ്ഞ അരുവികളും, മഞ്ഞും, വെയിലും, തണലും അവര്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു. കാറ്റില്‍ ഒഴുകിവരുന്ന അത്തിപ്പഴത്തിന്റെ ഗന്ധമായിരുന്നു അവര്‍ക്കേറ്റവും ഇഷ്ടം. അങ്ങിനെയിരിക്കെ അവര്‍ക്കിടയിലേക്കു മറ്റൊരു കൂട്ടര്‍ എത്തിച്ചേര്‍ന്നു.” “ആരാണാ മറ്റൊരു കൂട്ടര്‍ അപ്പൂപ്പാ" അമൃത അത്ഭുതത്തോടെ കണ്ണുമിഴിച്ചു. "അവരാണു മായാജാലക്കാര്‍. കരയിലും, വെള്ളത്തിലും, ആകാശത്തിലും ഒരുപോലെ സഞ്ചരിക്കന്‍ കഴിവുള്ളവര്‍. എത്ര അകലെനിന്നാണെങ്കിലും പരസ്പരം സംവേദിക്കാന്‍ കെല്പുള്ളവര്‍. അഗ്നിയെയും, പ്രകാശത്തെയും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ പഠിച്ചവര്‍. ഒരു ഞൊടിയിടയില്‍ ഈ ലോകം തന്നെ ഇല്ലാതാക്കാന്‍ പ്രാപ്തരായവര്‍. അവര്‍ അരുവികള്‍ക്കു തടയിട്ടു, കാറ്റില്‍ വിഷം കലര്‍ത്തി, പൂക്കളെ ചവിട്ടി മെതിച്ചു. അവര്‍ മഞ്ഞിനെ മഴത്തുള്ളികളാക്കി മാറ്റി, വെയിലില്‍ തീ കോരിയിട്ടു. അത്തിപ്പഴത്തിന്റെ ഗന്ധത്തേക്കാള്‍ അവര്‍ക്കിഷ്ടം അത്തിമരത്തിന്റെ തായ്‌ത്തടിയോടായിരുന്നു. അങ്ങിനെയൊടുക്കം അത്തിമരത്തിന്റെ തായ്‌വേരില്‍ ജീവന്റെ അവസാന സ്പന്തനവും നിലച്ചപ്പോള്‍ സഞ്ജീവനിയുടെ മാതാപിതാക്കള്‍ ആത്മാക്കളുടെ ലോകത്തേക്കു ചേക്കേറി." “അപ്പോളെന്തേ സഞ്ജീവനി പോയില്ല” അമൃതക്കു കൗതുകമായി. ആത്മാക്കളുടെ ലോകത്തിലേക്കു ഒരോരുത്തരും സ്വയം പറക്കണം. അതിനു ബലമുള്ള ചിറകുകള്‍ വേണമത്രെ. “എവിടെയാണീ ആത്മാക്കളുടെ ലോകം അപ്പൂപ്പാ” അമൃതയുടെ കണ്ണുകള്‍ വിടര്‍ന്നു “അങ്ങു ദൂരെ. നക്ഷത്രങ്ങള്‍ക്കുമപ്പുറത്ത്” “അപ്പോള്‍ അവരിനി തിരികെ വരില്ലേ” “വരും. മായാജാലക്കാരുടെ പൂന്തോട്ടത്തില്‍ ആദ്യത്തെ അത്തിപ്പഴം വീഴുബോള്‍ മാത്രം അവര്‍ തിരിച്ചുവരും” “അയ്യോ. അപ്പോള്‍ അവര്‍ക്കു പാവം സഞ്ജീവനിയെ കാണാന്‍ ആഗ്രഹമുണ്ടാകില്ലേ!” “ഉണ്ടല്ലോ. ആത്മാക്കളുടെ ലോകത്തു നിന്നും അവര്‍ എന്നും സഞ്ജീവനിയെ കാണുന്നുണ്ട്. ഇളം കാറ്റില്‍ അവര്‍ അവളോടു രഹസ്യം പറയുന്നുണ്ടു, അതവള്‍ക്കു കേള്‍ക്കാം അവള്‍ക്കു മാത്രം" “പക്ഷേ സഞ്ജീവനിക്കു അവരെ കാണാന്‍ പറ്റുന്നില്ലല്ലോ?” “അവരെ കാണാന്‍ സഞ്ജീവനി ആത്മാക്കളുടെ ലോകത്തു പോകണം, ആദ്യത്തെ അത്തിപ്പഴം വീഴാന്‍ താമസിച്ചാല്‍ അവള്‍ അവിടേക്കു പറന്നു പോകും" “നമുക്കും അവിടേക്കു പോകാന്‍ പറ്റുമോ അപ്പൂപ്പാ" അമൃതയ്ക്കു സഞ്ജീവനിയെ പിരിയുന്നതു ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. “പിന്നെന്താ. ബലമുള്ള ചിറകുകള്‍ മുളയ്ക്കുബോള്‍ നമുക്കും അവിടേക്കു പോകാം" “ഞാനും പോകും സഞ്ജീവനിയുടെ കൂടെ, നമുക്കെല്ലാവര്‍ക്കും പോകാം” അമൃത പറഞ്ഞു. “തീര്‍ച്ചയായും. നമുക്കെല്ലാം അവിടെ പോകാന്‍ പറ്റും" അപ്പൂപ്പന്‍ ദൂരേക്കു നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. “ആത്മാക്കളുടെ ലോകം വലുതാണോ അപ്പൂപ്പാ" അമൃതയുടെ സംശയം തീര്‍ന്നിരുന്നില്ല. “അതേല്ലോ. അതിരുകളില്ലാത്ത ലോകമാണത്" “അവിടെ മായജാലക്കാര്‍ വന്നാലോ?” അമൃത താടിക്കു കൈ കൊടുത്തു. “അവര്‍ക്കും അവിടെ വരാമല്ലോ. പക്ഷേ അവിടെ വരുബോള്‍ അവരുടെ ജാലവിദ്യകളൊക്കെ ഇല്ലാതാകും. അതവര്‍ക്കു സഹിക്കില്ല. അതുകൊണ്ടാണവര്‍ അവിടെ പോകാതിരിക്കാന്‍ ശ്രമിക്കുന്നതു.” “അവര്‍ക്കങ്ങിനെ തന്നെ വേണം. ദുഷ്ടന്‍മ്മാര്‍!” അമൃത ദേഷ്യത്തില്‍ പറഞ്ഞു. ഇന്നു നമുക്കു നിറങ്ങള്‍ കൊണ്ടു കളിച്ചാലോ? അമൃത ചോദിച്ചു. സഞ്ജീവനി തലയാട്ടി. അവള്‍ക്കു നിറങ്ങള്‍ വളരെ ഇഷ്ടമാണു. മൈതാനത്തിനു പച്ച നിറം ചാലിച്ചപ്പോള്‍ അതിനു സഞ്ജീവനിയുടെ നിറമാണെന്നു അമൃത കുസൃതിയോടെ പറഞ്ഞു. “നോക്കൂ സഞ്ജീവനി, എന്റെ സ്കൂളില്‍ പൊകുന്ന വഴിയിലുള്ള പാടത്തിനും ഇതേ നിറമാണു" സഞ്ജീവനി അവളെ അത്ഭുതത്തോടെ നോക്കി. അവള്‍ ആ പാടം കണ്ടിട്ടില്ല. പാടമെന്നല്ല ആ വീടിനു പുറത്തുള്ള ഒന്നും തന്നെ അവള്‍ കണ്ടിട്ടില്ല. "നീ വിഷമിക്കണ്ട കേട്ടോ. നിന്നെ ഞാന്‍ ഒരിക്കല്‍ അവിടെ കൊണ്ടു പോകാം" അമൃത പറഞ്ഞതു കേട്ടു സഞ്ജീവനി ചിന്തയില്‍ നിന്നും ഉണര്‍ന്നു. എന്തു രസമാണീ നിറങ്ങളുടെ ചേര്‍ച്ചക്കു. പച്ച നിറത്തിലെ പുല്‍ത്തകിടി, നീല നിറത്തില്‍ ആകാശം, നീലയും മഞ്ഞയും വെള്ളയും നിറത്തിലെ പൂക്കള്‍, ഇവയൊക്കെ അവിടെയുണ്ടാകുമോ? അകത്തെ മുറിയില്‍ ഫോണ്‍ ശബ്ദിച്ചു. “അമ്മയാണെന്നു തോന്നുന്നു" അമൃത അതു പറഞ്ഞുകോണ്ടു അകത്തേക്കോടി. അമൃതയുടെ അച്ഛനും അമ്മയും ഏതോ വിദേശ രാജ്യത്താണു. ജോലിത്തിരക്കിനിടയില്‍ അമൃതയുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയാത്തതുകോണ്ടു അവള്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണു താമസം. അടുത്ത ആഴ്ച അവര്‍ സഞ്ജീവനിക്കും അമൃതക്കും കളിപ്പാട്ടങ്ങളുമായി വരുമെന്നു പറഞ്ഞിരുന്നു. അതാണവള്‍ക്കിത്ര സന്തോഷം. കാല്‍പ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയ സഞ്ജീവനി കണ്ടതു വിഷമിച്ചു നില്ക്കുന്ന അമൃതയെയാണു. “എന്തുപറ്റി നിനക്കു" സഞ്ജീവനിക്കു ആകാംഷയായി “അച്ഛനുമമ്മയും ഇപ്പോള്‍ വരുന്നില്ലാത്രെ, അവര്‍ക്കു ജോലിത്തിരക്കുണ്ടെന്നു. കളിപ്പാട്ടങ്ങള്‍ അയച്ചു തരും എന്നു പറയുന്നു.” അമൃതയുടെ തൊണ്ടയിടറി. “നീ വിഷമിക്കണ്ട" “എനിക്കു വേണ്ടതു കളിപ്പാട്ടങ്ങളല്ല സഞ്ജീവനി" അമൃത കരച്ചിലിന്റെ വക്കോളമെത്തി. “ഒന്നര വര്‍ഷമായി ഞാനവരെ കണ്ടിട്ടു. മനസ്സു വല്ലാതെ വേദനിക്കുന്നതുപോലെ" അമൃതയുടെ കവിള്‍ത്തടങ്ങള്‍ നനഞ്ഞു. “സാരമില്ല, പിന്നീടാണെങ്കിലും അവര്‍ വരുമല്ലോ" സഞ്ജീവനി അതു പറഞ്ഞു തല താഴ്ത്തി. “നീയും നിന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്തു വിഷമിക്കാറുണ്ടോ?” അമൃത സഞ്ജീവനിയെ ഇമവെട്ടാതെ നോക്കിനിന്നു. "ഉണ്ടാകും. അവര്‍ ആത്മാക്കളുടെ ലോകത്തല്ലേ. അവരെന്നു വരുമെന്നു പോലും നമുക്കറിയില്ലല്ലോ. ആ നശിച്ച മായാജാലക്കാരുടെ ലോകത്തു എന്നാണു ആദ്യത്തെ അത്തിപ്പഴം വീഴുക" അമൃത പല്ലിറുമി. സഞ്ജീവനി മുഖം താഴ്ത്തി നിന്നു. "നിനക്കവരെ കാണാന്‍ തോന്നുന്നില്ലേ" അമൃത ചോദിച്ചു. സഞ്ജീവനി ഒന്നും മിണ്ടിയില്ല. “നീ പോയി അവരെ അന്വേഷിച്ചു വരൂ സഞ്ജീവനീ" ഒരു നിമിഷം അമൃത ആലോചിച്ചിട്ടു പറഞ്ഞു "ആത്മാക്കളുടെ ലോകത്തു നിനക്കു പോകാന്‍ പറ്റുമോ?” സഞ്ജീവനി തലയുയര്‍ത്തി അമൃതയെ നോക്കി. "പറ്റുമെന്നു തോന്നുന്നു. ബലമുള്ള ചിറകുകള്‍ വന്നാല്‍ അവിടെ പോകാന്‍ പറ്റുമെന്നു അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ടു. നമുക്കൊന്നു ശ്രമിച്ചാലോ?” സഞ്ജീവനി നിര്‍വികാരയായി അമൃതയെ നോക്കി. “എനിക്കിനിയും ചിറകുകളായിട്ടില്ല സഞ്ജീവനീ" അമൃതയ്ക്കു വിഷമമായി "നീ ഒന്നു ശ്രമിച്ചു നോക്കൂ. അപ്പൂപ്പന്‍ ഉറങ്ങാന്‍ പോയതാണു. ആരും അറിയില്ല" അമൃത വാതില്‍ പതിയെ തുറന്നു. സഞ്ജീവനി തുറന്ന വാതിലില്‍ നോക്കി അത്ഭുതത്തോടെ നിന്നു. "നീ പോയാല്‍ തിരികെ വരുമോ?” അമൃതയുടെ ശബ്ദം ഇടറി സഞ്ജീവനി അവളെ നോക്കിയില്ല. അവളുടെ കുഞ്ഞിക്കാലുകള്‍ പതിയെ വാതിലിനു പുറത്തേക്കു വച്ചു. ഒരു നിമിഷം അവള്‍ എന്തോ ആലോചിക്കുന്നതു പോലെ നിന്നു. “വേണ്ട. നീ തിരികെ വരണ്ട!” അമൃതയുടെ ശബ്ദത്തിനു ദൃഢതയേറി “മായാജാലക്കാരുടെ പൂന്തോട്ടത്തില്‍ ആദ്യത്തെ അത്തിപ്പഴം വീഴാതെ നീ തിരികെ വരേണ്ട. ചിറകുകള്‍ മുളയ്ക്കുബോള്‍ ഞാന്‍ അവിടെ വരാം. എളുപ്പത്തില്‍ ചിറകുകള്‍ എങ്ങിനെ മുളയ്ക്കുമെന്നു ഞാന്‍ അപ്പൂപ്പനോടു ചോദിക്കുന്നുണ്ടു.” സഞ്ജീവനി ഒരു ദീര്‍ഘനിശ്വാസമെടുത്തു. ബഹുനിലക്കെട്ടിടത്തിലെ ഏതോ ഒരു മട്ടുപ്പാവില്‍ നിന്നും ഒരു കുഞ്ഞു തത്ത വാനിലേക്കു പറന്നുയര്‍ന്നു. ആവേശത്തില്‍ ചിറകുകള്‍ വീശി പറന്നകലുന്ന തത്തയെ നോക്കി കെട്ടിടത്തിലെവിടെയോ ഒരു എട്ടു വയസ്സുകാരി പെണ്‍കുട്ടി വിതുംബി. “എനിക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍”

2 Comments:

Blogger Dhruvakanth s said...

നല്ല കഥ

Wednesday, November 13, 2024 5:38:00 PM  
Anonymous Anonymous said...

Thank you

Sunday, November 17, 2024 2:45:00 PM  

Post a Comment

<< Home