ഒരു പ്രതലവും കുറേ ചായങ്ങളും

Name:
Location: Muelheim an der Ruhr, Germany

Saturday, January 02, 2010

ആയകാലസ്മരണകള്‍, ഭാഗം-4: ഒരു കുമ്പിള്‍ ചോറും ഈരിഴ തോര്‍ത്തും

ലോക തൊഴിലാളിദിനം കഴിഞ്ഞു അഞ്ചാം ദിവസത്തിനു എന്റെ ജീവിതവുമാ‍യി ചെറുതൊന്നുമല്ലാത്ത ഒരു ബന്ധമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ദിവസത്തിലാണ് ഞാന്‍ ഒരു വിദേശരാജ്യത്തിലെ മണ്ണില്‍ ആദ്യമായി കാലുകുത്തിയതു. ചരിത്രപ്രസിദ്ധമായ ആ വിമാനയാത്രയെക്കുറിച്ചു ഒരുപാടു വിശദീകരണങ്ങള്‍ വേണം എന്നുള്ളതിനാല്‍ അതു ഞാന്‍ പിന്നീടൊരു അവസരത്തിലേക്കു മാറ്റിവക്കട്ടെ. വിദേശവാസക്കാലത്തെ ആദ്യ രണ്ടു മാസക്കാലമാണു ഈ ഓര്‍മ്മക്കുറിപ്പിനാധാരം. കാരണം, ആ രണ്ടു മാസക്കാലം മറ്റെല്ലാ മറുനാടന്‍ പുതുമലയാളികളെപ്പോലെ തന്നെ ഈയുള്ളവനും കഷ്ടകാലം തന്നെയായിരുന്നു. കഥകളിപ്പാട്ടുറങ്ങുന്ന ദേശത്തു, നെറ്റിയില്‍ മായത്ത ചന്ദനക്കുറിയും, എണ്ണ തേച്ചു മിനുക്കിയ മുടിയുമായി, ഭയഭക്തി ബഹുമാനത്തോടെ ജീവിച്ച തനി നാട്ടിന്‍പുറത്തുകാരനു, ജലസ്പര്‍ശമേറ്റിട്ടു വര്‍ഷങ്ങളായ മേനിയിലവിടിവിടെ തുളച്ചുകയറ്റിയ ലോഹക്കഷണങ്ങളുമായി, പീതവര്‍ണ്ണമായ ദന്തനിരകള്‍ കാട്ടി അല്പവസ്ത്രധാരികളായി നടന്നിരുന്ന ആറടിപ്പൊക്കക്കാ‍ര്‍ അന്യരായി തോന്നിയതില്‍ അല്‍ഭുതമില്ല എന്ന്‍ ഒരു തരത്തില്‍ പറയാം. തുടക്കത്തില്‍ ഈയുള്ളവന്‍ നേരിട്ട ഏറ്റവും വലിയ ഒരു പ്രശ്നം, മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളിലൊന്നായ ഭക്ഷണം തന്നെ ആയിരുന്നു. പണ്ടേ മലയാളികള്‍ പൊതുവേ ഭക്ഷണപ്രിയരായിരുന്നതിനാലാവണം ഈയുള്ളവനും വിശന്നുകഴിഞ്ഞാല്‍ പിന്നെ കണ്ണുകാണാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഭക്ഷണം ഇത്തിരി കൂടുതല്‍ കഴിക്കുന്നതു ഒരു വലിയ തെറ്റൊന്നുമല്ല എന്നും ഞാന്‍ വിശ്വസിച്ചിരുന്നു.

കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതല്‍ രുചികരമായി തോന്നിയതിനാലാവണം എന്റെ ആഹാരപദാര്‍ഥങ്ങളില്‍ അതൊരു ഒഴിച്ചുകൂടാത്ത വിഭവമായി മാറപ്പെട്ടു. അങ്ങിനെ ആമാശയത്തില്‍ എത്തപ്പെട്ട അസംഖ്യം കൊഴുപ്പുതന്മാത്രകള്‍ രാത്രികാലങ്ങളില്‍ എന്റെ ശരീരത്തിലൂടെ അങ്ങിങ്ങായി ഓടിനടന്നു. ദിവസങ്ങള്‍ കഴിയും തോറും അതൊക്കെ ശരീരത്തിന്റെ പലഭാഗങ്ങളിലായി അടിയപ്പെടുകയും തദ്വാരാ എന്റെ ശരീരം വശങ്ങളിലേക്കു വളരാന്‍ തുടങ്ങുകയും ചെയ്തു. മാസമൊന്നു കഴിഞ്ഞപ്പോഴാണു ശരീരം മനസ്സിനോടു പരാതി പറഞ്ഞുതുടങ്ങിയതു. ആദ്യമൊക്കെ ചെറിയ പിറുപിറുക്കലായിരുന്നു, പിന്നെ അതു വളര്‍ന്നു വലിയ തേങ്ങലുകളായി അവസാനം ശാസനകളായി ഭവിച്ചപ്പോള്‍ മനസ്സദ്യമാ‍യി ഒന്നു പതറി. ജീവിതചര്യ അടിമുടിയൊന്നു മാറ്റിയെഴുതാന്‍ തന്നെ അടിയന്‍ തീരുമാനിച്ചു. ഒരുദിവസം രാവിലെ എഴുന്നേറ്റു കുളിച്ചുതൊഴുതിട്ടു കത്തുന്ന വിളക്കില്‍നിന്നു ദൂരെ കൈപിടിച്ചുകൊണ്ടു ഞാന്‍ ആ ശപഥം ചെയ്തു. ഇനിമുതല്‍ ദിവസം ഒരു നേരം ഭക്ഷണം അതും ചോറു മാത്രം. ഇതു സത്യം... സത്യം... സത്യം. (സത്യം ചെയ്യലില്‍ എട്ടുവീടരോടു കൂറു തോന്നിയിരുന്നതിനാല്‍ കൈ വിളക്കിനു മുകളില്‍ പിടിക്കണം എന്നു ആഗ്രഹമുണ്ടയിരുന്നു, പിന്നെ വെറുതേ എന്തിനു കൈ കരിക്കണം എന്നു വിചാ‍രിച്ചു വേണ്ടെന്നു വച്ചു. പണ്ടേ ദേഹം നോവുന്നതു എനിക്കു ഇഷ്ടമുള്ള കാര്യമായിരുന്നില്ല).

സത്യമൊക്കെ ചെയ്തുകഴിഞ്ഞാണു പ്രശ്നങ്ങള്‍ പതുക്കെ തലപൊക്കിത്തുടങ്ങിയതു. പ്രഥാന പ്രശ്നം ചെയ്ത സത്യം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ചോറും കറികളും വക്കാനുള്ള സാധനസാമഗ്രികളോ, സാങ്കേതികവിദ്യയോ ഒന്നും തന്നെ വശമില്ല എന്നതു തന്നെയായിരുന്നു. ഇത്തിരി ചോറു വക്കാന്‍ എന്തു സാങ്കേതികവിദ്യ എന്നു നിങ്ങള്‍ എല്ലാം ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവും. എന്നാലുണ്ട്. ചോറെന്നല്ല എന്തു ഭക്ഷണപദാര്‍ത്ഥത്തിനും പിന്നില്‍ ഒരു സാങ്കേതിക വിദ്യ ഉണ്ടു. ആതിന്റെ പ്രാധാന്യം ഇതു വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകും. അടുക്കളയില്‍ പതിവായി കയറുന്ന ശീലം ഇല്ലാ‍തിരുന്നതിനാല്‍ കയ്യില്‍ ആകെയുണ്ടായിരുന്ന രണ്ടുപാത്രങ്ങളില്‍ നോക്കി ഞാന്‍ ഒരു നിമിഷം ധ്യാന നിമഗ്നനായി. ഓര്‍മ്മയില്‍ അമ്മയുടെ ചോറും കറികളും തെളിഞ്ഞു. ഒന്നുകൂടി പിറകോട്ടു പോയി നോക്കി, എവിടെയെങ്കിലും ഞാന്‍ അതിനു സാക്ഷിയായിരുന്നുവോ. അവ്യക്തതയോടെ എന്റെ മനസ്സില്‍ ആ കാഴ്ച തെളിഞ്ഞു വന്നു. അമ്മയതാ നാഴിയില്‍ അരി അളന്നു ഒരു പാത്രത്തിലിടുന്നു, പിന്നീടതു കഴുകി ഒരു കലത്തിലിടുന്നു. അതില്‍ നിറയെ വെള്ളമൊഴിച്ചിട്ടു അടുപ്പില്‍ വച്ചു തീ കൂട്ടുന്നു. യുറേക്കാ.... മതി.. ഈ കാഴ്ച മാത്രം മതിയെനിക്കു. അന്നു വൈകുന്നേരം ചരിത്രം കുറിക്കാനുറപ്പിച്ചു ഞാന്‍ യാത്ര തിരിച്ചപ്പോള്‍ അതൊരു ചരിത്ര ദിവസമായിത്തീരും എന്നു ഒരിക്കലും ഞാന്‍ അറിഞ്ഞിരുന്നില്ല.

വൈകുന്നേരം ഞാന്‍ മുറിയില്‍ അവതരിച്ചതു ഒരു സഞ്ചി അരിയുമായി ആയിരുന്നു. കൈവശം നാട്ടില്‍നിന്നും തന്നയച്ച ഒന്നാംതരം ചമ്മന്തിപ്പൊടിയുണ്ടു എന്നതിനാല്‍ കറിവക്കുന്നതു മറ്റൊരവസരത്തിലാകാം എന്നു ഞാന്‍ തീരുമാനിച്ചു. മാത്രവുമല്ല ചോറിന്റെ ഉണ്ടാകല്‍ പ്രക്രിയയില്‍ അസാമാന്യമായ ശ്രദ്ധ പതിപ്പിക്കാന്‍ ഇതുമൂലം കഴിയും എന്നും ഞാന്‍ മനസ്സിലാക്കി. കൈവശമുണ്ടാ‍യിരുന്ന ഏറ്റവും വലിയ പാത്രമായ ചായപ്പാത്രത്തില്‍ ഒരു ഗ്ലാസ്സില്‍ നിറയെ അരി ഇട്ടു. ഇതു മതിയാകുമോ? എന്തോ എനിക്കത്ര സംത്രിപ്തി വന്നില്ല. ഞാന്‍ വീണ്ടും ഒരു ഗ്ലാസ്സു നിറയെ അരിയിട്ടു. തല്‍ക്കാലം ഇത്രയും മതിയെന്നുറപ്പിച്ചു അതില്‍ നിറയെ വെള്ളം ഒഴിച്ചു തിളപ്പിക്കാന്‍ തുടങ്ങി. തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്ന ശുഷ്കാന്തിയോടെ പാത്രത്തിന്റെ അരികില്‍ തെറിച്ചു വീഴുന്ന ചെരിയ അരിമണികളെ ഒരു ചെറിയ സ്പൂണ്‍ കൊണ്ടു നിരക്കി വെള്ളത്തിലേക്കിടാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മനസ്സു നിറയെ വാഴയിലയില്‍ വിളമ്പിവച്ച ഒരു കൂമ്പാരം ചോറായിരുന്നു. സമയം മുന്നോട്ടു നീങ്ങും തോറും എന്റെ മുന്നിലെ ദ്രാവകം കുറേശ്ശെയായി കൊഴുത്തുവന്നുകൊണ്ടിരുന്നു. വിദഗ്ധനായ ഒരു പാചകക്കാരന്റെ ഭാവഭേദങ്ങളോടെ ഞാന്‍ ഇടക്കിടെ അതില്‍നിന്നും അരിമണികളെടുത്തു ഞെക്കി നോക്കിക്കോണ്ടുമിരുന്നു. മണിക്കൂറൊന്നു കഴിഞ്ഞു, വല്ലാത്ത മാനസിക പിരിമുറുക്കം, ചോറായോ എന്നു പറയാന്‍ വയ്യാത്ത ഒരു അവസ്ഥ. മുന്നിലെ കൊഴുത്ത മിശ്രിതത്തില്‍ ഒന്നും തിരിച്ചറിയാന്‍ കഴിയുന്നുമില്ല. ഒടുക്കം ഞാന്‍ എന്നോടുതന്നെ പ്രഖ്യാപിച്ചു, ചോറായി, ഇനി മതിയാക്കാം.

അപ്പോഴാണു പുതിയൊരു പ്രശ്നം മുന്നിലെത്തിയതു. മുന്നിലെ മിശ്രിതത്തില്‍നിന്നും ചോറിനെ എങ്ങിനെ വേര്‍തിരിച്ചെടുക്കും. ആ പ്രശ്നം ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നില്ല എന്നു തന്നെ പറയാം. വീണ്ടും ഓര്‍മ്മകളിലൂടെ ഞാന്‍ അമ്മയുടെ അടുത്തെത്തി. ആ ദ്രുശ്യം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. അമ്മയതാ അരി വാര്‍ക്കാന്‍ വച്ചിരിക്കുന്നു, തടികൊണ്ടുള്ള ഒരു അടപ്പുകോണ്ടാണു ആ പാത്രം അടച്ചിരിക്കുന്നതു. ഇവിടെ എവിടെയാണു തടി. ഞാനാകെ വിഷണ്ണനായി. ചുണ്ടിനും കപ്പിനും ഇടയില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥ. ഞാനാണെങ്കില്‍ ചോറും ചമ്മന്തിപ്പൊടിയും സ്വപ്നം കാണുകയും ചെയ്തു. എന്നിലെ ശാസ്ത്ര വിദ്യാര്‍ത്ഥി ഉണര്‍ന്നു. രസതന്ത്ര പരീകഷനശാലയില്‍ ഒരു സെപ്പറേറ്റിങ് ഫണല്‍ ഉണ്ടു. പക്ഷേ ചോറല്ലേ, ച്ചെ... അതു വേണ്ട. ഞാന്‍ വീണ്ടും ആലോചനയില്‍ മുഴുകി. ഐടിയാ. ഞാന്‍ ചാടിയെഴുന്നേറ്റു. പ്രശ്നത്തിനു പരിഹാരം കണ്ട സന്തോഷം എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. കട്ടിലിന്റെ അടിയില്‍ നിന്നും നാട്ടില്‍ നിന്നും കൊണ്ടുവന്ന പെട്ടി നിരക്കി വെളിയില്‍ എടുത്തു. ആതു തുറന്നു അകത്തേക്കു ഞാന്‍ പ്രതീക്ഷയോടെ നോക്കി. നാട്ടില്‍ നിന്നും കൊണ്ടുവന്ന പുതുപുത്തന്‍ ഒരു ഈരിഴ തോര്‍ത്ത്. കൊള്ളാം ഇവന്‍ തന്നെ സാധനം. അതുമായി നേരേ നടന്നു അടുക്കളയില്‍ ചെന്നു. തോര്‍ത്തിന്റെ ഒരറ്റം കടിച്ചു പിടിച്ചു, മറ്റേഅറ്റം ഇടത്തേ കയ്യുകൊണ്ടു വലിച്ചുപിടിച്ചു. ഒരു സര്‍ക്കസ്സുകാരന്റെ മെയ്‌വഴക്കത്തോടെ വലത്തേ കൈ കൊണ്ടു ആ മിശ്രിതം തോര്‍ത്തിലേക്കോഴിച്ചു. നിമിഷങ്ങള്‍ കടന്നു പോയി, ഒന്നും സംഭവിക്കുന്നില്ല. തോര്‍ത്തിന്റെ വിടവുകളിലൂടെ ദ്രാവകം താഴേക്കു വരും എന്ന എന്റെ പ്രവചനത്തെ കറ്റില്‍ പറത്തിക്കൊണ്ടതാ കൊഴുത്ത ഒരു മിശ്രിതം. ഇനി എന്താ ചെയ്യുക. രണ്ടും കല്പിച്ചു ഞാന്‍ ആ തോര്‍ത്തിന്റെ രണ്ടറ്റവും പിടിച്ചു. എന്നിട്ടു സകല ദൈവങ്ങളേയും വിളിച്ചുകൊണ്ടു സര്‍വ്വശക്തിയുമെടുത്തു അതു നന്നായി അങ്ങു പിഴിഞ്ഞു.

വാല്‍ക്കഷണം:
വെളുത്തുരുണ്ട ആ കുഴമ്പില്‍നിന്നും ഒരു സ്പൂണ്‍ തോണ്ടിയെടുത്ത്, സമം ചമ്മന്തിപ്പൊടിയും ചേര്‍ത്ത് കഴിച്ച്, നന്നായി വെള്ളവും കുടിച്ചു മുണ്ടും മുറുക്കിയുടുത്തു ഞാന്‍ ഉറങ്ങാന്‍ കിടന്നു. ചോറുവക്കുന്നതിന്റെ സാങ്കേതികവിദ്യ കണ്ടുപിടിച്ചതിന്റെ സംത്രിപ്തിയായിരുന്നു മനസ്സു നിറയെ.