ഒരു പ്രതലവും കുറേ ചായങ്ങളും

Name:
Location: Muelheim an der Ruhr, Germany

Saturday, November 09, 2024

അമൃത - സഞ്ജീവനി

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണു അമൃത സഞ്ജീവനിയെ കണ്ടുമുട്ടിയതു. അവളുടെ ആറാം പിറന്നാള്‍ ദിവസം അപ്പൂപ്പന്‍ അവള്‍ക്കു പരിചയപ്പെടുത്തിയ പുതിയ കൂട്ടുകാരി. "അമൃത, ഇതാണു നിന്റെ പുതിയ കൂട്ടുകാരി സഞ്ജീവനി" അപ്പൂപ്പന്‍ അതു പറയുബോള്‍ സഞ്ജീവനി എല്ലാവരുടെയും മുഖത്തേക്കു പരിഭ്രമത്തോടെ നോക്കുന്നുണ്ടായിരുന്നു. അന്നുമുതല്‍ സഞ്ജീവനി അമൃതയോടൊപ്പമാണു താമസം. “കണ്ടോ! ഇന്നഞ്ചെണ്ണമാണു കിട്ടിയതു. എട്ടെണ്ണമെങ്കിലും കിട്ടേണ്ടതായിരുന്നു. തിരികെ വരും വഴി ആ വിക്രുതി രാജു തട്ടിക്കളഞ്ഞതാ" കയ്യില്‍ ഒളിപ്പിച്ചു വച്ച മഞ്ചാടിക്കുരുക്കള്‍ കാട്ടി അമൃത പറഞ്ഞു. സഞ്ജീവനി അവളെയും മഞ്ചാടിക്കുരുക്കളെയും മാറി മാറി നോക്കി. സ്കൂളില്‍ നിന്നും വരും വഴി അവള്‍ പറുക്കിയെടുത്തതാണവ. അമൃത മഞ്ചാടിക്കുരുക്കള്‍ ചില്ലു കുപ്പിയിലേക്കിട്ടു. "ഇതു നിറയുബോള്‍ നീ എന്തുചെയ്യും" സഞ്ജീവനി ചോദിച്ചു “അറിയില്ല! മറ്റൊരു കുപ്പിയെടുക്കണം" "അതു നിറയുബോളോ" “അതു നിറയുബോള്‍ മറ്റൊരു കുപ്പി, വീണ്ടും മറ്റൊന്ന്, അങ്ങിനെ ഈ മുറി മുഴുവന്‍ കുപ്പികള്‍. അതില്‍ നിറയെ മഞ്ചാടിക്കുരുക്കള്‍. അങ്ങിനെയങ്ങിനെ ഈ ലോകം മഴുവന്‍ കുപ്പികള്‍. അതില്‍ നിറയെ മഞ്ചാടിക്കുരുക്കള്‍" അമൃത ആവേശത്തില്‍ പറഞ്ഞു നിര്‍ത്തി. "ലോകം മുഴുവന്‍ മഞ്ചാടിക്കുരുക്കള്‍ കൊണ്ടു നിറയ്ക്കാന്‍ എല്ലാവരും സമ്മതിക്കുമോ" സഞ്ജീവനിക്കു സംശയമായി “സമ്മതിക്കാതിരിക്കുമോ?" അമൃതയ്ക്കും സംശയമായി. "അയ്യോ! അങ്ങിനെ വന്നാല്‍ ഞാനെന്തു ചെയ്യും" അമൃതയുടെ പുരികക്കൊടികള്‍ ഉയര്‍ന്നു. “അറിയില്ല" അമൃത കണ്ണുകള്‍ അടച്ച് കൈമലര്‍ത്തി കാണിച്ചു. ഉത്തരം കിട്ടാനെന്നപോലെ സഞ്ജീവനി അവളെതന്നെ നോക്കി നിന്നു. അമൃതക്കു പെട്ടന്നൊരു ആശയമുദിച്ചു "നമുക്കൊരു കാര്യം ചെയ്താലോ? ഈ മഞ്ചാടിക്കുരുക്കളെ ആത്മാക്കളുടെ ലോകത്തു കൊണ്ടു വയ്ക്കാം" അപ്പൂപ്പനില്‍ നിന്നുമാണു അമൃത ആത്മാക്കളുടെ ലോകത്തേക്കുറിച്ചു കേള്‍ക്കുന്നതു. “എവിടെയാണപ്പൂപ്പാ സഞ്ജീവനിയുടെ അച്ഛനും അമ്മയും" ഒരിക്കല്‍ അമൃത അപ്പൂപ്പനോടു ചോദിച്ചു. “ആത്മാക്കളുടെ ലോകത്തില്‍" അപ്പൂപ്പന്‍ പറഞ്ഞു. “അതെന്തിനാണു അവര്‍ അവിടെ പോയതു" സംശയത്തോടെ അമൃത ചോദിച്ചു. ഒരു നിമിഷം ആലോചിച്ചിട്ടു അപ്പൂപ്പന്‍ പറഞ്ഞു “സഞ്ജീവനിയുടെ പൂര്‍വികര്‍ പ്രകൃതിയുടെ മക്കളായിരുന്നു. കാറ്റിന്റെ താരാട്ടും, പുതുമഴയിലെ മണ്ണിന്റെ മണവും, തെളിഞ്ഞ അരുവികളും, മഞ്ഞും, വെയിലും, തണലും അവര്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു. കാറ്റില്‍ ഒഴുകിവരുന്ന അത്തിപ്പഴത്തിന്റെ ഗന്ധമായിരുന്നു അവര്‍ക്കേറ്റവും ഇഷ്ടം. അങ്ങിനെയിരിക്കെ അവര്‍ക്കിടയിലേക്കു മറ്റൊരു കൂട്ടര്‍ എത്തിച്ചേര്‍ന്നു.” “ആരാണാ മറ്റൊരു കൂട്ടര്‍ അപ്പൂപ്പാ" അമൃത അത്ഭുതത്തോടെ കണ്ണുമിഴിച്ചു. "അവരാണു മായാജാലക്കാര്‍. കരയിലും, വെള്ളത്തിലും, ആകാശത്തിലും ഒരുപോലെ സഞ്ചരിക്കന്‍ കഴിവുള്ളവര്‍. എത്ര അകലെനിന്നാണെങ്കിലും പരസ്പരം സംവേദിക്കാന്‍ കെല്പുള്ളവര്‍. അഗ്നിയെയും, പ്രകാശത്തെയും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ പഠിച്ചവര്‍. ഒരു ഞൊടിയിടയില്‍ ഈ ലോകം തന്നെ ഇല്ലാതാക്കാന്‍ പ്രാപ്തരായവര്‍. അവര്‍ അരുവികള്‍ക്കു തടയിട്ടു, കാറ്റില്‍ വിഷം കലര്‍ത്തി, പൂക്കളെ ചവിട്ടി മെതിച്ചു. അവര്‍ മഞ്ഞിനെ മഴത്തുള്ളികളാക്കി മാറ്റി, വെയിലില്‍ തീ കോരിയിട്ടു. അത്തിപ്പഴത്തിന്റെ ഗന്ധത്തേക്കാള്‍ അവര്‍ക്കിഷ്ടം അത്തിമരത്തിന്റെ തായ്‌ത്തടിയോടായിരുന്നു. അങ്ങിനെയൊടുക്കം അത്തിമരത്തിന്റെ തായ്‌വേരില്‍ ജീവന്റെ അവസാന സ്പന്തനവും നിലച്ചപ്പോള്‍ സഞ്ജീവനിയുടെ മാതാപിതാക്കള്‍ ആത്മാക്കളുടെ ലോകത്തേക്കു ചേക്കേറി." “അപ്പോളെന്തേ സഞ്ജീവനി പോയില്ല” അമൃതക്കു കൗതുകമായി. ആത്മാക്കളുടെ ലോകത്തിലേക്കു ഒരോരുത്തരും സ്വയം പറക്കണം. അതിനു ബലമുള്ള ചിറകുകള്‍ വേണമത്രെ. “എവിടെയാണീ ആത്മാക്കളുടെ ലോകം അപ്പൂപ്പാ” അമൃതയുടെ കണ്ണുകള്‍ വിടര്‍ന്നു “അങ്ങു ദൂരെ. നക്ഷത്രങ്ങള്‍ക്കുമപ്പുറത്ത്” “അപ്പോള്‍ അവരിനി തിരികെ വരില്ലേ” “വരും. മായാജാലക്കാരുടെ പൂന്തോട്ടത്തില്‍ ആദ്യത്തെ അത്തിപ്പഴം വീഴുബോള്‍ മാത്രം അവര്‍ തിരിച്ചുവരും” “അയ്യോ. അപ്പോള്‍ അവര്‍ക്കു പാവം സഞ്ജീവനിയെ കാണാന്‍ ആഗ്രഹമുണ്ടാകില്ലേ!” “ഉണ്ടല്ലോ. ആത്മാക്കളുടെ ലോകത്തു നിന്നും അവര്‍ എന്നും സഞ്ജീവനിയെ കാണുന്നുണ്ട്. ഇളം കാറ്റില്‍ അവര്‍ അവളോടു രഹസ്യം പറയുന്നുണ്ടു, അതവള്‍ക്കു കേള്‍ക്കാം അവള്‍ക്കു മാത്രം" “പക്ഷേ സഞ്ജീവനിക്കു അവരെ കാണാന്‍ പറ്റുന്നില്ലല്ലോ?” “അവരെ കാണാന്‍ സഞ്ജീവനി ആത്മാക്കളുടെ ലോകത്തു പോകണം, ആദ്യത്തെ അത്തിപ്പഴം വീഴാന്‍ താമസിച്ചാല്‍ അവള്‍ അവിടേക്കു പറന്നു പോകും" “നമുക്കും അവിടേക്കു പോകാന്‍ പറ്റുമോ അപ്പൂപ്പാ" അമൃതയ്ക്കു സഞ്ജീവനിയെ പിരിയുന്നതു ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. “പിന്നെന്താ. ബലമുള്ള ചിറകുകള്‍ മുളയ്ക്കുബോള്‍ നമുക്കും അവിടേക്കു പോകാം" “ഞാനും പോകും സഞ്ജീവനിയുടെ കൂടെ, നമുക്കെല്ലാവര്‍ക്കും പോകാം” അമൃത പറഞ്ഞു. “തീര്‍ച്ചയായും. നമുക്കെല്ലാം അവിടെ പോകാന്‍ പറ്റും" അപ്പൂപ്പന്‍ ദൂരേക്കു നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു. “ആത്മാക്കളുടെ ലോകം വലുതാണോ അപ്പൂപ്പാ" അമൃതയുടെ സംശയം തീര്‍ന്നിരുന്നില്ല. “അതേല്ലോ. അതിരുകളില്ലാത്ത ലോകമാണത്" “അവിടെ മായജാലക്കാര്‍ വന്നാലോ?” അമൃത താടിക്കു കൈ കൊടുത്തു. “അവര്‍ക്കും അവിടെ വരാമല്ലോ. പക്ഷേ അവിടെ വരുബോള്‍ അവരുടെ ജാലവിദ്യകളൊക്കെ ഇല്ലാതാകും. അതവര്‍ക്കു സഹിക്കില്ല. അതുകൊണ്ടാണവര്‍ അവിടെ പോകാതിരിക്കാന്‍ ശ്രമിക്കുന്നതു.” “അവര്‍ക്കങ്ങിനെ തന്നെ വേണം. ദുഷ്ടന്‍മ്മാര്‍!” അമൃത ദേഷ്യത്തില്‍ പറഞ്ഞു. ഇന്നു നമുക്കു നിറങ്ങള്‍ കൊണ്ടു കളിച്ചാലോ? അമൃത ചോദിച്ചു. സഞ്ജീവനി തലയാട്ടി. അവള്‍ക്കു നിറങ്ങള്‍ വളരെ ഇഷ്ടമാണു. മൈതാനത്തിനു പച്ച നിറം ചാലിച്ചപ്പോള്‍ അതിനു സഞ്ജീവനിയുടെ നിറമാണെന്നു അമൃത കുസൃതിയോടെ പറഞ്ഞു. “നോക്കൂ സഞ്ജീവനി, എന്റെ സ്കൂളില്‍ പൊകുന്ന വഴിയിലുള്ള പാടത്തിനും ഇതേ നിറമാണു" സഞ്ജീവനി അവളെ അത്ഭുതത്തോടെ നോക്കി. അവള്‍ ആ പാടം കണ്ടിട്ടില്ല. പാടമെന്നല്ല ആ വീടിനു പുറത്തുള്ള ഒന്നും തന്നെ അവള്‍ കണ്ടിട്ടില്ല. "നീ വിഷമിക്കണ്ട കേട്ടോ. നിന്നെ ഞാന്‍ ഒരിക്കല്‍ അവിടെ കൊണ്ടു പോകാം" അമൃത പറഞ്ഞതു കേട്ടു സഞ്ജീവനി ചിന്തയില്‍ നിന്നും ഉണര്‍ന്നു. എന്തു രസമാണീ നിറങ്ങളുടെ ചേര്‍ച്ചക്കു. പച്ച നിറത്തിലെ പുല്‍ത്തകിടി, നീല നിറത്തില്‍ ആകാശം, നീലയും മഞ്ഞയും വെള്ളയും നിറത്തിലെ പൂക്കള്‍, ഇവയൊക്കെ അവിടെയുണ്ടാകുമോ? അകത്തെ മുറിയില്‍ ഫോണ്‍ ശബ്ദിച്ചു. “അമ്മയാണെന്നു തോന്നുന്നു" അമൃത അതു പറഞ്ഞുകോണ്ടു അകത്തേക്കോടി. അമൃതയുടെ അച്ഛനും അമ്മയും ഏതോ വിദേശ രാജ്യത്താണു. ജോലിത്തിരക്കിനിടയില്‍ അമൃതയുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയാത്തതുകോണ്ടു അവള്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണു താമസം. അടുത്ത ആഴ്ച അവര്‍ സഞ്ജീവനിക്കും അമൃതക്കും കളിപ്പാട്ടങ്ങളുമായി വരുമെന്നു പറഞ്ഞിരുന്നു. അതാണവള്‍ക്കിത്ര സന്തോഷം. കാല്‍പ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയ സഞ്ജീവനി കണ്ടതു വിഷമിച്ചു നില്ക്കുന്ന അമൃതയെയാണു. “എന്തുപറ്റി നിനക്കു" സഞ്ജീവനിക്കു ആകാംഷയായി “അച്ഛനുമമ്മയും ഇപ്പോള്‍ വരുന്നില്ലാത്രെ, അവര്‍ക്കു ജോലിത്തിരക്കുണ്ടെന്നു. കളിപ്പാട്ടങ്ങള്‍ അയച്ചു തരും എന്നു പറയുന്നു.” അമൃതയുടെ തൊണ്ടയിടറി. “നീ വിഷമിക്കണ്ട" “എനിക്കു വേണ്ടതു കളിപ്പാട്ടങ്ങളല്ല സഞ്ജീവനി" അമൃത കരച്ചിലിന്റെ വക്കോളമെത്തി. “ഒന്നര വര്‍ഷമായി ഞാനവരെ കണ്ടിട്ടു. മനസ്സു വല്ലാതെ വേദനിക്കുന്നതുപോലെ" അമൃതയുടെ കവിള്‍ത്തടങ്ങള്‍ നനഞ്ഞു. “സാരമില്ല, പിന്നീടാണെങ്കിലും അവര്‍ വരുമല്ലോ" സഞ്ജീവനി അതു പറഞ്ഞു തല താഴ്ത്തി. “നീയും നിന്റെ അച്ഛനെയും അമ്മയെയും ഓര്‍ത്തു വിഷമിക്കാറുണ്ടോ?” അമൃത സഞ്ജീവനിയെ ഇമവെട്ടാതെ നോക്കിനിന്നു. "ഉണ്ടാകും. അവര്‍ ആത്മാക്കളുടെ ലോകത്തല്ലേ. അവരെന്നു വരുമെന്നു പോലും നമുക്കറിയില്ലല്ലോ. ആ നശിച്ച മായാജാലക്കാരുടെ ലോകത്തു എന്നാണു ആദ്യത്തെ അത്തിപ്പഴം വീഴുക" അമൃത പല്ലിറുമി. സഞ്ജീവനി മുഖം താഴ്ത്തി നിന്നു. "നിനക്കവരെ കാണാന്‍ തോന്നുന്നില്ലേ" അമൃത ചോദിച്ചു. സഞ്ജീവനി ഒന്നും മിണ്ടിയില്ല. “നീ പോയി അവരെ അന്വേഷിച്ചു വരൂ സഞ്ജീവനീ" ഒരു നിമിഷം അമൃത ആലോചിച്ചിട്ടു പറഞ്ഞു "ആത്മാക്കളുടെ ലോകത്തു നിനക്കു പോകാന്‍ പറ്റുമോ?” സഞ്ജീവനി തലയുയര്‍ത്തി അമൃതയെ നോക്കി. "പറ്റുമെന്നു തോന്നുന്നു. ബലമുള്ള ചിറകുകള്‍ വന്നാല്‍ അവിടെ പോകാന്‍ പറ്റുമെന്നു അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ടു. നമുക്കൊന്നു ശ്രമിച്ചാലോ?” സഞ്ജീവനി നിര്‍വികാരയായി അമൃതയെ നോക്കി. “എനിക്കിനിയും ചിറകുകളായിട്ടില്ല സഞ്ജീവനീ" അമൃതയ്ക്കു വിഷമമായി "നീ ഒന്നു ശ്രമിച്ചു നോക്കൂ. അപ്പൂപ്പന്‍ ഉറങ്ങാന്‍ പോയതാണു. ആരും അറിയില്ല" അമൃത വാതില്‍ പതിയെ തുറന്നു. സഞ്ജീവനി തുറന്ന വാതിലില്‍ നോക്കി അത്ഭുതത്തോടെ നിന്നു. "നീ പോയാല്‍ തിരികെ വരുമോ?” അമൃതയുടെ ശബ്ദം ഇടറി സഞ്ജീവനി അവളെ നോക്കിയില്ല. അവളുടെ കുഞ്ഞിക്കാലുകള്‍ പതിയെ വാതിലിനു പുറത്തേക്കു വച്ചു. ഒരു നിമിഷം അവള്‍ എന്തോ ആലോചിക്കുന്നതു പോലെ നിന്നു. “വേണ്ട. നീ തിരികെ വരണ്ട!” അമൃതയുടെ ശബ്ദത്തിനു ദൃഢതയേറി “മായാജാലക്കാരുടെ പൂന്തോട്ടത്തില്‍ ആദ്യത്തെ അത്തിപ്പഴം വീഴാതെ നീ തിരികെ വരേണ്ട. ചിറകുകള്‍ മുളയ്ക്കുബോള്‍ ഞാന്‍ അവിടെ വരാം. എളുപ്പത്തില്‍ ചിറകുകള്‍ എങ്ങിനെ മുളയ്ക്കുമെന്നു ഞാന്‍ അപ്പൂപ്പനോടു ചോദിക്കുന്നുണ്ടു.” സഞ്ജീവനി ഒരു ദീര്‍ഘനിശ്വാസമെടുത്തു. ബഹുനിലക്കെട്ടിടത്തിലെ ഏതോ ഒരു മട്ടുപ്പാവില്‍ നിന്നും ഒരു കുഞ്ഞു തത്ത വാനിലേക്കു പറന്നുയര്‍ന്നു. ആവേശത്തില്‍ ചിറകുകള്‍ വീശി പറന്നകലുന്ന തത്തയെ നോക്കി കെട്ടിടത്തിലെവിടെയോ ഒരു എട്ടു വയസ്സുകാരി പെണ്‍കുട്ടി വിതുംബി. “എനിക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍”

Sunday, April 17, 2011

ആയകാലസ്മരണകള്‍, ഭാഗം-5: ആലീസിന്റെ അന്വേഷണങ്ങള്‍ (ഒരു നാടോടിയകഥ)

“സ്പൃഷന്‍ സീ എംഗ്ലിഷ്‌?" (നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുമോ) പുരികം അല്പം മേല്‍പ്പോട്ടു വളച്ച് അവസാനത്തെ ചോദ്യച്ചിഹ്നം മുഖത്തു വിരിയിച്ചുകൊണ്ടു‌, മുന്‍പില്‍ നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ഞാന്‍ പ്രതീക്ഷയോടെ നോക്കി. “യെസ്സ്‌," അപ്രതീക്ഷിതമായ ആ ഉത്തരം ഒരു ഞെട്ടലോടെയാണു ഞാന്‍ നേരിട്ടതു. ആ ഞെട്ടലിനു മതിയായ കാരണം ഉണ്ടെന്നു ആദ്യമേതന്നെ പറയട്ടെ. ക്രുത്യമായി പറഞ്ഞാല്‍, നാല്പത്തിയഞ്ചു ദിവസങ്ങള്‍ക്കു മുന്‍പാണു ഞാന്‍ ജര്‍മ്മന്‍ മണ്ണില്‍ കാലു കുത്തിയതു. പുതിയ ഒരു സ്ഥലത്തു തികച്ചും അപരിചിതനായി വന്നിറങ്ങുന്നതിലെ സുരക്ഷിതത്വമില്ലായ്മ‌ വല്ല്ലാതെ മനസ്സിനെ അലട്ടിയതുകൊണ്ടാകണം, രണ്ടു മൂന്നു ജര്‍മ്മന്‍ പദങ്ങള്‍ നേരത്തേതന്നെ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു. പോകേണ്ട സ്ഥലം എന്താണെന്നു ഒന്നുകൂടി വായിച്ചുനോക്കി ഉറപ്പുവരുത്തിയിട്ടു, ചോദ്യഭാവത്തില്‍ എന്നെ നോക്കിയ വയസ്സന്‍ ടാക്സിക്കാരനോടായി ഞാന്‍ പറഞ്ഞു "കൈസര്‍ വില്ല്യം പ്ലാത്സ്‌ ഐന്‍സ്, ബിറ്റെ". ചുണ്ടിനിടയിലെ ചുരുട്ടു നന്നായി ഒന്നു ചവച്ചുറപ്പിച്ചുകൊണ്ടു അയാള്‍ വണ്ടി മുന്‍പോട്ടെടുത്തു. വില്യം ചക്രവര്‍ത്തിയുടെ പേരിലുള്ള തെരുവിലേക്കാണു യാത്ര. ജര്‍മ്മനില്‍ 'കൈസര്‍' എന്ന പദം കോണ്ടാണു ചക്രവര്‍ത്തിയെ സംബോധന ചെയ്യുന്നതത്രെ. നാട്ടിലെ ഗള്‍ഫുകാരന്‍ വര്‍ഗ്ഗീസ്സുമാപ്ല അയാളുടെ പട്ടിയെ വിളിക്കുന്നതും ഏതാണ്ടു അങ്ങിനെ തന്നെ. കാലാകാലങ്ങളിലായി വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട (ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, പോമറേനിയന്‍, അല്‍സേഷ്യന്‍, മുതലായവ) ശ്വാനന്‍മാരില്‍ പലരേയും തോന്നിയതു പോലെ ജര്‍മ്മന്‍ ചക്രവര്‍ത്തിടുയോടു ഉപമിക്കുന്ന മലയാളിയുടെ മര്യാദകേടിനെ കണ്ടില്ലെന്നു നടിക്കുന്നതെങ്ങിനെ. ഉദാഹരണത്തിനു പട്ടിക്കു "കണാരന്‍" എന്നു പേരിടുന്നതു വലിയ ഒരു ഭംഗികേടായി നാട്ടില്‍ കണക്കാക്കപ്പെടുന്നു; ഒരു പക്ഷേ 'കണാരന്‍' 'കൈസറി'നേക്കാള്‍ ജാതിയില്‍ കുറഞ്ഞവനായതാകാം കാരണം. വെറുതേയല്ലല്ലോ, വെളുപ്പു കാണുംബോള്‍ മുന്‍പോട്ടും കറുപ്പു കാണുംബോള്‍ പിറകോട്ടും വളയുന്ന ഒരു പ്രത്യേകതരം നട്ടെല്ലിന്റെ പകര്‍പ്പവകാശം നമുക്കു മാത്രം സ്വന്തമായതു.
               താമസസ്ഥലത്തെത്തിയപ്പോള്‍ മനസ്സറിയാതെ മന്ത്രിച്ചു, "ഹാവൂ, രക്ഷപ്പെട്ടു." ടാക്സിക്കാശു കോടുത്തിറങ്ങുമ്പോള്‍ ഒരു വിസിറ്റിങ്ങ് കാര്‍ഡെടുത്തു നീട്ടി അയാള്‍ എന്തോ ജര്‍മ്മനില്‍ പറഞ്ഞു. എല്ലാം മനസ്സിലായെന്നപോലെ തലകുലുക്കിയിട്ടു അയാല്‍ നീട്ടിയ കാര്‍ഡു വാങ്ങി ഞാന്‍ വെളുക്കെ ഒന്നു ചിരിച്ചു: അതേ, മലയാളിക്കു ഒരു മാറ്റവും ഇല്ല. എന്തായാലും കേടുപാടുകളില്ലാതെ താമസസ്ഥലത്തു ഞാന്‍ എത്തിച്ചേര്‍ന്നു എന്നു പറയുന്നതാവും ശരി. തട്ടിയും മുട്ടിയും കാര്യങ്ങള്‍ അങ്ങിനെ മുപോട്ടുപോകുകയായിരുന്നു, ഇതൊക്കെ ഒരു സാംപിള്‍ മാത്രമായിരുന്നെന്നു മനസ്സിലാക്കന്‍ അധികം താമസിക്കേണ്ടിവന്നില്ല. വിരസമായ വൈകുന്നേരങ്ങളിലെപ്പോഴോ മുറിയില്‍ പൊടിപിടിച്ചിരുന്ന ടെലിവിഷന്റെ വിദൂരനിയന്ത്രണയന്ത്രത്തില്‍ എന്റെ വിരല്‍ പതിഞ്ഞതോടെയാണു സകല കുഴപ്പങ്ങളും തലപൊക്കിത്തുടങ്ങിയതു. മുന്നില്‍ മിന്നിമറഞ്ഞ അസംഖ്യം ജര്‍മ്മന്‍ പരസ്യങ്ങള്‍ക്കിടയിലെപ്പോഴോ അലസമായ പാദചലനങ്ങളുടെ അകബടിയോടെ അവള്‍ എന്റെ മുന്നിലേക്കൊഴുകിയെത്തി. ഇരുണ്ട നിറത്തിലെ ഒറ്റവസ്ത്രം ധരിച്ച് സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഒരു സുന്ദരി. കേള്‍ക്കാനി‌ബമുള്ള ഏതോ ജര്‍മ്മന്‍ പാട്ടിന്റെ അകബടിയോടെ അവളുടെ ഇടതു ഭാഗത്തായി കാണപ്പെട്ട ഒരു ചുവന്ന പന്തില്‍ ആദ്യം സൂചിപ്പിച്ച അവസ്ഥക്കു കാരണഭൂതരായ ആ അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു: "ആലീസ്" വിവരസാങ്കേതിക വിദ്യയുടെ അരുമസന്താനമായ ഇന്റെര്‍നെറ്റിനെ ചുരുങ്ങിയ ചിലവില്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ പ്രയത്നിക്കുന്ന "ആലീസ്‌" എന്ന സ്വകാര്യ‌ കമ്പനിയുടെ പരസ്യമായിരുന്നു അത്. സുന്ദരിയുടെ മദാലസ ചലനങ്ങള്‍ക്കിടയിലും "കൂടുതല്‍ വേഗം = കൂടുതല്‍ പണം" എന്ന പതിവു ഫോര്‍മുല അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജോലിസമയത്തേക്കാള്‍ ഒഴിവുസമയത്തെ സ്നേഹിക്കുന്ന ഏതൊരു സാധാരണ മലയാളിയെയും പോലെ ഈയുള്ളവനും വിശ്രമവേളകള്‍ ഇന്റര്‍നെറ്റ് എന്ന സുഹ്രുത്തിനോടൊപ്പം ചിലവഴിക്കുന്നതിനെക്കുറിച്ചു ഗൗരവമായി ചിന്തിച്ചുതുടങ്ങിയ സമയമായിരുന്നു അത്. ഈ പരസ്യത്തെ ഒരു നിമിത്തമായി കണക്കാക്കാം എന്നുറപ്പിച്ചു ആലീസിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചതും അധികം ചിന്തിക്കാതെയായിരുന്നു. ആ വാരാന്ത്യത്തില്‍ ഒരു മൊബൈല്‍ സിം കാര്‍ഡു വാങ്ങുന്നതിനിടയിലാണു അവിടെ കണ്ട ആലീസ്‌ പരസ്യത്തില്‍ വീണ്ടും കണ്ണുടക്കിയതു. “ഇതെന്താ? ആലീസ്‌ പരസ്യം O2 ഷോപ്പില്‍". എന്റെ ചോദ്യം കേട്ട കടക്കാരന്‍ പറഞ്ഞു, “ ആലീസിനെ ഞങ്ങള്‍ വാങ്ങി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആലീസ് പൂര്‍ണ്ണമായും O2 ആയി മാറും.” ആരോ പറഞ്ഞതോര്‍മ്മ വരുന്നു: ഇതൊരു പ്രപഞ്ചസത്യമാണു, ചരിത്രാതീതകാലം മുതല്‍ക്കു ചെറുമല്‍സ്യങ്ങളെ വലിയ മീനുകള്‍ വിഴുങ്ങിക്കൊണ്ടിരുന്നു. വലിയ കടലിലെ ഒരേയൊരു മല്‍സ്യമാകാന്‍ കൊതിച്ച എത്രയോ ആത്മാക്കളുടെ ഉയര്‍ച്ചയും വീഴ്ചയും നമ്മള്‍ കണ്ടിരിക്കുന്നു.
               തേടിയവള്ളി കാലില്‍ ചുറ്റി (അതു വല്ലത്ത ഒരു ചുറ്റല്‍ ആയിപ്പോയെന്നു പിന്നീടെനിക്കു മനസ്സിലായി) എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടു ഞാന്‍ അന്നു തന്നെ ആലീസിന്റെ കോണ്ട്രാക്റ്റില്‍ ഒപ്പുവച്ചു. ആ പരസ്യത്തില്‍ കണ്ട സുന്ദരിയാണോ ആലീസ്‌? ഇനി കണക്ഷന്‍ തരാന്‍ വരുന്നതവളാണോ? അങ്ങിനെ ഒരായിരം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. “ഇതിനു ഞാന്‍ ഇവിടെ പൈസ അടക്കേണ്ടതില്ലേ?” എന്റെ ചോദ്യം കേട്ടു അരുതാത്തതെന്തോ കേട്ടതുപോലെ കടക്കാരന്‍ എന്നെ തുറിച്ചു നോക്കി. “വേണ്ട, അതൊക്കെ ഞങ്ങള്‍ നിങ്ങളുടെ ബാങ്കില്‍ നിന്നും നേരിട്ടെടുത്തോളാം. ആതിനുകൂടിയുള്ള ഒപ്പുകള്‍ താങ്കള്‍ ഇതില്‍ ഇട്ടിട്ടുണ്ടു.” അതുശരി, ഞാന്‍ പോലും അറിയാതെ എന്റെ ബാങ്കില്‍ നിന്നും എന്റെ പൈസ ഇവര്‍ക്കെടുക്കാന്‍ ഞാന്‍ അനുവാദം കൊടുത്തുപോലും! ഒരു തരം ഹൈ ടെക്ക് പോക്കറ്റടി, ടെക്ക്നോളജി പോയ ഒരു പോക്കേ. "രണ്ടാഴ്ചക്കകം നിങ്ങള്‍ക്കു ഞങ്ങള്‍ 'മോഡം' അയച്ചുതരും, പിന്നെ മൂന്നു നാലു ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍" ഞാന്‍ ഒപ്പിട്ടു നല്‍കിയ കടലാസുക‌ള്‍ അടുക്കി വയ്ക്കുന്നതിനിടയില്‍ കടക്കാരന്‍ പറഞ്ഞു നിര്‍ത്തി. മാഡം ആണോ മോഡം കൊണ്ടുവരുന്നതു എന്നു ചോദിക്കണമെന്നുണ്ടായിരുന്നു, പാമ്പു വേലിയില്‍ തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പതിവുപോലെ തലയാട്ടി വെളുക്കെ ചിരിച്ചിട്ടു ഞാന്‍ കടയില്‍ നിന്നിറങ്ങി. അന്നുമുതല്‍ക്ക്, കര്‍ണ്ണാനന്ദകരമായ ഒരു ജര്‍മ്മന്‍ പാട്ടിന്റെ അകമ്പടിയോടെ സുസ്മേരവദനയായി ഒഴുകി നടക്കുന്ന ആലീസ് എന്ന സുന്ദരിയെ ഞാന്‍ സ്വപ്നം കാണാന്‍ ആരംഭിച്ചു. ദിവസങ്ങള്‍ക്കു മാസങ്ങളുടേയും വര്‍ഷങ്ങളുടേയും ദൈര്‍ഖ്യം ഉണ്ടാകാം എന്നു അന്നുമുതല്‍ക്കു എനിക്കു മനസ്സിലായിത്തുടങ്ങി. കടക്കാരന്‍ ഉറപ്പുനല്‍കിയ രണ്ടാഴ്ച വളരെ വേഗത്തിലാണു കടന്നുപോയതു. മാഡവും, മോഡവും പോയിട്ടു മോഡത്തിന്റെ അളിയന്റെ അഡ്രസ്സ് പോലും ഇല്ല. ഇനി അഡ്രസ്സ് എങ്ങാനും മാറിപ്പോയതാണോ? രാത്രികാലങ്ങളില്‍, ജര്‍മ്മന്‍ അറിയത്ത ഞാന്‍ ജര്‍മ്മനില്‍ എഴുതപ്പെട്ട ആ കോണ്ട്രാക്റ്റിനെ തലങ്ങും വിലങ്ങും കീറിമുറിച്ചു പരിശോധിക്കാന്‍ തുടങ്ങി, ഒരു ഭ്രാന്തനെപ്പോലെ! ഊണിലും ഉറക്കത്തിലും ഒരേ ഒരു പേരുമാത്രം, ആലീസ്. സ്വപ്നങ്ങളില്‍ ഒരേ ഒരു മുഖം മാത്രം, ആലീസിലെ സുന്ദരി. “ഇന്നലെ ഉറക്കത്തില്‍ ചേട്ടന്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നല്ലോ. ആരാ ചേട്ടാ ഈ ആലീസ്‌?” ഭാര്യയുടെ ഈ ചോദ്യം കേട്ടപ്പോഴാണു സംതൃപ്തമായ കുടുമ്പജീവിതത്തിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നെന്നു ഞാന്‍ മനസ്സില്ലാക്കിയതു.
               ഇനി രക്ഷയില്ല. ഇതിനി ഇങ്ങനെ തുടര്‍ന്നു കൊണ്ടു പോകുന്നതു ശരിയല്ലെന്നുറപ്പിച്ചു. പിറ്റേന്നു രാവിലെ തന്നെ കോണ്ട്രാക്റ്റുമായി ഞാന്‍ O2 കടയില്‍ എത്തിചേര്‍ന്നു. കടയില്‍ അതാ ഒരു പുതുമുഖം, ദൈവമേ!‌ ഇനി മഹാഭാരത കഥ മുഴുവന്‍ ഇവനോടു പറയേണ്ടിവരുമല്ലോ. ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി എന്നെ നോക്കിയ ആ ചെറുപ്പക്കാനോടായി പുരികം വളച്ചും കണ്ണു തള്ളിച്ചും കൊണ്ടു ഒരു വാക്കിനെ ചോദ്യമാക്കി ഞാന്‍ പറഞ്ഞു "എംഗ്ലീഷ്”. “നോയന്‍, ഡോയഷ്ച്ച് ബിറ്റെ", ആ ഉത്തരം ഒരു ചാട്ടുളിപോലെയാണു എന്റെ ചെവിയില്‍ പതിച്ചതു. അവന്‍ ജര്‍മ്മന്‍ മാത്രമേ സംസാരിക്കുകയുള്ളൂ എന്നാണു പറഞ്ഞതു. നീയൊക്കെ അങ്ങു കേരളത്തിലേക്കു വാടാ, കാണിച്ചു തരാം എന്നു മനസ്സില്‍ പറയുമ്പോഴും മുഖത്തു എയര്‍ ഹോസ്റ്റസ്സ് കാട്ടുംപോലെ നിര്‍വികാരമായ 70 എം. എം. ചിരി വിരിയിക്കാന്‍ ഞാന്‍ മറന്നില്ല. എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം, ജര്‍മ്മന്‍ എങ്കില്‍ ജര്‍മ്മന്‍. സകല പേപ്പറുകളും ബാഗില്‍ നിന്നും വലിച്ചെടുത്ത് അവന്റെ മുന്നിലേക്കിട്ടു ഞാന്‍ പറാഞ്ഞു "ആലീസ്, ഒക്റ്റോബര്‍, ട്സ്വൈ വീക്ക് കണക്ഷ്യോണ്‍, നവംബര്‍ നോയന്‍ മോഡം". പറഞ്ഞതു തെറിയല്ല എന്ന ഉറപ്പു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. മുന്നില്‍ വിതറിയിട്ടിരിക്കുന്ന കടലാസ്സുകളില്‍ അലസ്സമായി നോക്കിക്കൊണ്ടു അവന്‍ എന്തൊക്കെയോ പറഞ്ഞു. പൊട്ടന്റെ മുന്നില്‍ വെടിവച്ചതുപോലെ ആയല്ലൊ പൊന്നു തമ്പുരാനേ, ഞാന്‍ പൊയ്ക്കോളാമേ ഇനി മേലാല്‍ ഇങ്ങോട്ടു വരില്ല‌. അവന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടു ആ കടലാസ്സുകള്‍ മടക്കി എനിക്കു നല്‍കി. വെളുക്കെ ചിരിച്ചുകോണ്ടു കടലാസ്സുകള്‍ തിരികെ ബാഗില്‍ വയ്ക്കുന്നതിനിടയില്‍ ഞാന്‍ മലയാളിയുടെ പതിവു ശൈലി കൈവിടാതെ തലയാട്ടിക്കൊണ്ടു പറഞ്ഞു "ഓക്കെ, ദാങ്കെ". തിരികെ നടക്കുമ്പോള്‍ മനസ്സില്‍ ജോസ്സഫ് സ്റ്റാലിനെ ശപിക്കുകയായിരുന്നു ഞാന്‍. അല്ലയോ സ്റ്റാലിന്‍ വല്ലത്ത കൊലച്ചതിയാണു താങ്കള്‍ അന്നു ചെയ്തതു, നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ലോകം മുഴുവന്‍ ഇന്നു ജര്‍മ്മന്‍ സംസാരിക്കുമായിരുന്നു. അങ്ങിനെയായിരുന്നെങ്കില്‍ ഇന്നെനിക്കു എത്ര ഭംഗിയായി ജര്‍മ്മന്‍ പറയാമായിരുന്നു. എല്ലാം നിങ്ങല്‍ നശിപ്പിച്ചില്ലേ. ഇനിയിപ്പോള്‍ എന്താണു ചെയ്യുക, ഒരാഴ്ച കൂടി കാത്തിരിക്കാം, അല്ലാതെ വേറെ വഴികളൊന്നുമില്ലല്ലോ.
               ആഴ്ചകള്‍ വീണ്ടും കടന്നുപോയി. "എന്താ ചേട്ടാ ഒരു വിഷമം" ഭാര്യ‌ വീണ്ടും ചോദിച്ചു. “ആലീസിന്റെ ഒരു വിവരവും ഇല്ല" ഞാന്‍ നിഷ്കളങ്കമായി മറുപടി നല്‍കി. വാമഭാഗത്തിന്റെ മുഖമിരുണ്ടു. പ്രശ്നം ഗുരുതരമായി, ഒഫീസില്‍ ആലീസ്‌ എന്നൊരു പെണ്‍കുട്ടി ഇല്ല‌ എന്നു തെളിയിക്കുന്നതില്‍ ഞാന്‍ വീണ്ടും പരാജയപ്പെട്ടു. എന്തിനേറെ പറയുന്നു, അത്താഴപ്പഷ്ണിയായിരുന്നു ആ ഉപകഥയുടെ ക്ലൈമാക്സ്. ജീവിതം ഇങ്ങനെ നൂല്‍പ്പാലത്തിലൂടെ പോകുന്നതിനിടയിലാണു ആ ബോര്‍ഡു കാണാന്‍ ഇടയായതു. ചുവന്ന ഒരു പന്തില്‍ വെളുത്ത അക്ഷരത്തില്‍ "ആലീസ്". അതിന്റെ അരികില്‍ അതാ സുമുഖനായ ഒരു ചെറുപ്പക്കാരന്‍. സ്പൃഷന്‍ സീ എംഗ്ളീഷ് എന്ന എന്റെ ചോദ്യത്തിനു 'യേസ്സ്' എന്നവന്‍ ഉത്തരം മൂളിയപ്പോള്‍ ഞാന്‍ ഞെട്ടിയതിനു തക്കതായ കാരണമുണ്ടെന്നു ഇതിനോടകം മനസ്സിലായല്ലോ. ആദ്യമായി ജര്‍മ്മനിയില്‍ ഒരാള്‍ ഇംഗ്ലീഷ് സംസാരിക്കും എന്നു എന്നോടു പറയുന്നു. ഇതിനു മുന്‍പു കണ്ടവരൊക്കെ "ലിറ്റില്‍ ബിറ്റ്" എന്നു പറയുകയും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്തവരാണ്. ദൈവമേ ഇവനോടു സംസാരിക്കാന്‍ എന്റെ ഇംഗ്ലീഷ് മതിയാവുമോ. “യേസ്സ്", ഞാന്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എപ്പോഴാണു ആവശ്യം വരിക എന്നറിയാത്തതിനാല്‍ സദാ കൂടെ കൊണ്ടു നടക്കുന്ന കടലാസ്സു കഷണങ്ങല്‍ പതിവുപോലെ വലിച്ചു വെളിയില്‍ ഇട്ടിട്ടു ഞാന്‍ മഹാഭാരതം വിളമ്പി. എല്ലാം കേട്ടു കഴിഞ്ഞിട്ടയാള്‍ ആ കടലാസ്സു കഷണങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. “ഞാന്‍ എന്റെ കമ്പനിയില്‍ വിളിച്ചൊന്നു ചോദിക്കട്ടെ" അയാള്‍ ടെലിഫോണിന്റെ അടുത്തേക്കു പോയി. അഞ്ചു മിനിറ്റു നേരം അയാള്‍ ആരോടോ എന്തൊക്കെയോ സംസാരിച്ചശേഷം എന്നോടായി പറഞ്ഞു. "സുഹ്രുത്തേ, ആലീസ് നിങ്ങളെ ഇത്രയും നാള്‍ ആയി അന്വഷിക്കുകയായിരുന്നു. നിങ്ങള്‍ എവിടെയാണു താമസിക്കുന്നതു എന്നു അവര്‍ക്കു അറിയില്ലായിരുന്നത്രെ”. അതു കൊള്ളാമല്ലോ, ഞാനല്ലേ ഇവിടെ വടിപോലെ നില്‍ക്കുന്നതു, ഇനി ഞാന്‍ ഞാനണെന്നു തെളിയിക്കേണ്ടിവരുമോ? ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. ഇവിടെ കാലുകുത്തിയ അന്നു തന്നെ ആലീസിന്റെ ഹാംബുര്‍ഗിലെ ഓഫീസില്‍ ചെന്നറിയിക്കാഞ്ഞതു വലിയ തെറ്റായിപ്പോയി എന്നെനിക്കു മനസ്സിലായി. "വിഷമിക്കേണ്ട" അയാള്‍ പറഞ്ഞു."നിങ്ങല്‍ എവിടെയാണു താമസിക്കുന്നതു എന്നു ഈ മാപ്പില്‍ കാണിച്ചുതന്നാല്‍ മതി, ബാക്കിയൊക്കെ ഞാന്‍ ശരിയാക്കിത്തരാം”. അതു ശരി, ചെയ്തെ തെറ്റുകള്‍ക്കെല്ലാം മാപ്പു ചോദിക്കണം എന്നു പറയുന്നതു ശരിയാണല്ലേ. ഞാന്‍ മാപ്പെടുത്തു നിവര്‍ത്തി, നല്ല‌ പരിചയം, ശരിയാണു പണ്ടു അഞ്ചാം വയസ്സിലാണു ഞാന്‍ ഇതുപോലെ ഒരെണ്ണം വരച്ചതു. അതു വരക്കപ്പെട്ടതു അച്ചന്‍ കൊണ്ടുവച്ച ഏതോ പ്രധാനപ്പെട്ട കടലാസ്സിലായിരുന്നു എന്നതാകയാല്‍ എന്റെ പ്രഷ്ടഭാഗം അടികൊണ്ടു ചുവന്നതു ഇപ്പോഴും വേദനിക്കുന്ന ഒരോര്‍മ്മ. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും ആ മാപ്പില്‍ ഞാന്‍ തമസിക്കുന്ന സ്ഥലം ചൂണ്ടികാണിച്ചു പറഞ്ഞു 'ഇതാണാ ഭാഗ്യഹീനമായ ഭവനം, ഇനിയെങ്കിലും വല്ലതും നടക്കുമോ?” അയാള്‍ ടെലിഫോണില്‍ പിന്നെയും എന്തൊക്കെയോ ജര്‍മ്മനില്‍ സംസാരിച്ചു. ഇതിനൊരവസാനമില്ലേ, എന്തായിതു, ഇങ്ങോട്ടേക്കു ഒരു വിസ അപേക്ഷിക്കന്‍ ഇതിലും എളുപ്പമാണല്ലോ! ഞാന്‍ മനസ്സില്‍ പറഞ്ഞു. ഒടുക്കം സംഭാഷണം അവസാനിപ്പിച്ച് അവന്‍ തിരിഞ്ഞെന്നോടായി പറഞ്ഞു "ഇനി പത്തേ പത്തു ദിവസം. അതിനുള്ളില്‍ നിങ്ങള്‍ക്കു കണക്ഷന്‍ കിട്ടിയിരിക്കും. ഇനി അധവാ കിട്ടിയില്ലെങ്കില്‍ ഈ നമ്പരില്‍ എന്നെ വിളിച്ചാല്‍ മതി. എന്റെ പേര് കരഡോള്‍ എന്നാണു". എന്റെ ഉള്ളില്‍ പ്രതീക്ഷയുടെ പൂത്തിരി വീണ്ടും കത്തിപടര്‍ന്നു, താങ്കള്‍ കരഡോള്‍ അല്ല 'കരോള്‍' ആണു, ലൂയിസ്സ് കരോള്‍, ആലീസിന്റെ സൃഷ്ടാവ്, ഞാന്‍ നിങ്ങളെ അങ്ങിനെ വിളിച്ചോട്ടെ ദൈവദൂതാ. മനസ്സു നിറയെ ആലീസുമായാണു ഞാന്‍ വീട്ടിലെത്തിയതു.
               രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു ആലീസിന്റെ ഒരു എഴുത്ത്, "പ്രിയപ്പെട്ട ആലീസ് കൊതിയാ, നിങ്ങളുടെ അപേക്ഷ ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അപ്പോള്‍ ഇതുവരെ എന്റെ അപേക്ഷ അ‌ഗീകരിച്ചിരുന്നില്ലേ, എന്തായാലും എല്ലാം അവസാനം കലങ്ങി തെളിഞ്ഞല്ലോ എന്നോര്‍ത്തു ഞാന്‍ സന്തോഷിച്ചു. അതാ വരുന്നു പിറ്റേന്നു മറ്റൊരു എഴുത്ത്. “പ്രിയ ആലീസ്‌ കൊതിയാ, നിങ്ങളുടെ അഡ്രസ്സ് താഴെ പറയുന്നതാണെന്നു ഞങ്ങള്‍ക്കു മനസ്സിലായിരിക്കുന്നു.” മൂന്നാം ദിവസം അതാ വീണ്ടും "പ്രിയ ആലീസ് കൊതിയാ, ഞങ്ങള്‍ നിങ്ങല്‍ക്കു മോഡം അയക്കാന്‍ തീരുമാനിച്ചിരിക്കുന്നു.” വലിയ ഉപകാരം, ഞാന്‍ മനസ്സില്‍ പറഞ്ഞു. പിറ്റേന്നു അതാ വരുന്നു വീണ്ടും "പ്രിയ ആലീസ്‌ കൊതിയാ, നിങ്ങളുടെ മോഡം ഞങ്ങള്‍ അയച്ചു കഴിഞ്ഞു.” ഇതു വലിയ ശല്യമായല്ലോ, ചെയ്യാത്തവന്‍ ചെയ്യുംപോള്‍ അതുകൊണ്ടാറാട്ട് എന്നു പറയുന്നതുപോലെ ആയല്ലോ കാര്യങ്ങള്‍. എന്തായാലും അവസാനം ഒരു ദിവസം ഇതുവരെ ആലീസിന്റെ വാഗ്ദാനങ്ങളില്‍ മാത്രം നിലനിന്നിരുന്ന മോഡം എന്നു പറയുന്ന വിചിത്ര സാധനം എന്റെ വിലാസത്തില്‍ എത്തിച്ചേര്‍ന്നു. മനോഹരമായ ആ പൊതിയഴിക്കുമ്പോള്‍ മനസ്സില്‍ പൂത്തിരി കത്തുകയായിരുന്നു. അതാ ഏറ്റവും മുകളില്‍ ആലീസിന്റെ അതിമനോഹരമായ ഒരു ചിത്രം. ഇനി ഇതിവിടെ ഫ്രെയിം ചെയ്തു വയ്ക്കാനായിരിക്കും, പക്ഷേ സമാധാനപരമായ കുടുമ്പജീവിത്തിനു പല ചോദ്യങ്ങളെയും നേരിടേണ്ടിവരും എന്നതിനാല്‍ അതു തല്‍ക്കാലം വേണ്ടെന്നു വച്ചു. എന്തായാലും ദിവസവും ആ പാക്കറ്റഴിച്ചു നോക്കുന്നതും തിരിച്ചടച്ചു വയ്ക്കുന്നതും ഒരു ശീലമായി മാറി. എല്ലാ ദിവസവും പതിവുപോലെ ആലീസിന്റെ എഴുത്തുകള്‍ എന്നെ തേടി വന്നുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ വളരെയേറെ കാത്തിരുന്ന ആ എഴുത്തും വന്നെത്തി. “എത്രയും പ്രിയപ്പെട്ട ആലീസ്‌ കൊതിയാ, മഞ്ഞു പെയ്യുന്ന ഈ ഡിസംമ്പര്‍ പതിനാറിനു ഞങ്ങള്‍ നിങ്ങള്‍ക്കു ആലീസ് കണക്ഷന്‍ തുറന്നു തരാന്‍ പോകുന്നു. അന്നേ ദിവസം ഞങ്ങളുടെ ഒരു ഏജന്റ് നിങ്ങളുടെ വീട്ടില്‍ വന്നു വേണ്ടതു ചെയ്യുന്നതായിരിക്കും." ഡിസംമ്പര്‍ പതിനാറിനു ഇനി ഏഴേ ഏഴു ദിവസം മാത്രം, എനിക്കും ആലീസിനും ഇടയില്‍ ഇനി ഏഴു സുന്ദര രാത്രികള്‍. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആലീസ്‌ എന്റെ മുന്നില്‍ ആടിത്തിമിര്‍ത്തുകൊണ്ടിരുന്നു, എവിടെ നോക്കിയാലും ആലീസ്‌ മാത്രം. അവസാനം ആ സുദിനം വന്നെത്തി, ഒരു വലിയ പെട്ടിയും തൂക്കി "ഏജന്റ്" എന്റെ വീട്ടിലെത്തി. കാഴ്ചയില്‍ നീരാളിയെന്നു തോന്നുന്ന ഒരു യന്ത്രം അയാല്‍ പെട്ടിയില്‍നിന്നും വലിച്ചു പുറത്തിട്ടു. അതില്‍ നിന്നും പുറത്തേക്കു നീണ്ടിരുന്ന അസംഖ്യം കേബിളുകളില്‍ ഒരെണ്ണമെടുത്തയാള്‍ ഭിത്തിയിലെ ഒരു ദ്വാരത്തിലേക്കു കുത്തിക്കയറ്റി. കണ്ണിമവെട്ടതെ തന്റെ മുന്നിലെ യന്ത്രത്തില്‍ അയാള്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. “ടീ, ടൂ, ക്ലിം" തുടങ്ങിയ ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. ഒടുക്കം തലപൊക്കി അയാള്‍ എന്നോടു പറഞ്ഞു "കണക്ഷന്‍ ഓക്കെ", എന്റെ ശ്വാസം നേരേ വീണു.
               നീരാളിയെ പെട്ടിയിലാക്കിയ ശേഷം, പോക്കറ്റില്‍ നിന്നും ഒരു കടലാസ്സു കഷണം എടുത്തു മുന്നില്‍ വച്ചയാല്‍ എന്നോടു പറഞ്ഞു "സൈന്‍". ഹൊ! ഈ ഒപ്പു കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഇവന്‍മാരു തെണ്ടിപ്പോയേനെ. ഒപ്പിട്ടു നല്‍കിയ പേപ്പറുമായി അയാല്‍ വീട്ടില്‍ നിന്നും ഇറങ്ങിയതും ശരവേഗത്തില്‍ ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ എത്തി ആര്‍ത്തിയോടെ ഫയര്‍ഫോക്സ് തുറന്നു. അതാ ഫയര്‍ഫോക്സില്‍ കറുത്ത നിറത്തിലെ ഒറ്റവസ്ത്രധാരിണിയായ ഒരു സുന്ദരി ചിരിചു നില്‍ക്കുന്ന ചിത്രം തെളിഞ്ഞു വരുന്നു. അതേ, ആലീലിന്റെ അന്വേഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നു.

Saturday, January 02, 2010

ആയകാലസ്മരണകള്‍, ഭാഗം-4: ഒരു കുമ്പിള്‍ ചോറും ഈരിഴ തോര്‍ത്തും

ലോക തൊഴിലാളിദിനം കഴിഞ്ഞു അഞ്ചാം ദിവസത്തിനു എന്റെ ജീവിതവുമാ‍യി ചെറുതൊന്നുമല്ലാത്ത ഒരു ബന്ധമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ദിവസത്തിലാണ് ഞാന്‍ ഒരു വിദേശരാജ്യത്തിലെ മണ്ണില്‍ ആദ്യമായി കാലുകുത്തിയതു. ചരിത്രപ്രസിദ്ധമായ ആ വിമാനയാത്രയെക്കുറിച്ചു ഒരുപാടു വിശദീകരണങ്ങള്‍ വേണം എന്നുള്ളതിനാല്‍ അതു ഞാന്‍ പിന്നീടൊരു അവസരത്തിലേക്കു മാറ്റിവക്കട്ടെ. വിദേശവാസക്കാലത്തെ ആദ്യ രണ്ടു മാസക്കാലമാണു ഈ ഓര്‍മ്മക്കുറിപ്പിനാധാരം. കാരണം, ആ രണ്ടു മാസക്കാലം മറ്റെല്ലാ മറുനാടന്‍ പുതുമലയാളികളെപ്പോലെ തന്നെ ഈയുള്ളവനും കഷ്ടകാലം തന്നെയായിരുന്നു. കഥകളിപ്പാട്ടുറങ്ങുന്ന ദേശത്തു, നെറ്റിയില്‍ മായത്ത ചന്ദനക്കുറിയും, എണ്ണ തേച്ചു മിനുക്കിയ മുടിയുമായി, ഭയഭക്തി ബഹുമാനത്തോടെ ജീവിച്ച തനി നാട്ടിന്‍പുറത്തുകാരനു, ജലസ്പര്‍ശമേറ്റിട്ടു വര്‍ഷങ്ങളായ മേനിയിലവിടിവിടെ തുളച്ചുകയറ്റിയ ലോഹക്കഷണങ്ങളുമായി, പീതവര്‍ണ്ണമായ ദന്തനിരകള്‍ കാട്ടി അല്പവസ്ത്രധാരികളായി നടന്നിരുന്ന ആറടിപ്പൊക്കക്കാ‍ര്‍ അന്യരായി തോന്നിയതില്‍ അല്‍ഭുതമില്ല എന്ന്‍ ഒരു തരത്തില്‍ പറയാം. തുടക്കത്തില്‍ ഈയുള്ളവന്‍ നേരിട്ട ഏറ്റവും വലിയ ഒരു പ്രശ്നം, മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളിലൊന്നായ ഭക്ഷണം തന്നെ ആയിരുന്നു. പണ്ടേ മലയാളികള്‍ പൊതുവേ ഭക്ഷണപ്രിയരായിരുന്നതിനാലാവണം ഈയുള്ളവനും വിശന്നുകഴിഞ്ഞാല്‍ പിന്നെ കണ്ണുകാണാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഭക്ഷണം ഇത്തിരി കൂടുതല്‍ കഴിക്കുന്നതു ഒരു വലിയ തെറ്റൊന്നുമല്ല എന്നും ഞാന്‍ വിശ്വസിച്ചിരുന്നു.

കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതല്‍ രുചികരമായി തോന്നിയതിനാലാവണം എന്റെ ആഹാരപദാര്‍ഥങ്ങളില്‍ അതൊരു ഒഴിച്ചുകൂടാത്ത വിഭവമായി മാറപ്പെട്ടു. അങ്ങിനെ ആമാശയത്തില്‍ എത്തപ്പെട്ട അസംഖ്യം കൊഴുപ്പുതന്മാത്രകള്‍ രാത്രികാലങ്ങളില്‍ എന്റെ ശരീരത്തിലൂടെ അങ്ങിങ്ങായി ഓടിനടന്നു. ദിവസങ്ങള്‍ കഴിയും തോറും അതൊക്കെ ശരീരത്തിന്റെ പലഭാഗങ്ങളിലായി അടിയപ്പെടുകയും തദ്വാരാ എന്റെ ശരീരം വശങ്ങളിലേക്കു വളരാന്‍ തുടങ്ങുകയും ചെയ്തു. മാസമൊന്നു കഴിഞ്ഞപ്പോഴാണു ശരീരം മനസ്സിനോടു പരാതി പറഞ്ഞുതുടങ്ങിയതു. ആദ്യമൊക്കെ ചെറിയ പിറുപിറുക്കലായിരുന്നു, പിന്നെ അതു വളര്‍ന്നു വലിയ തേങ്ങലുകളായി അവസാനം ശാസനകളായി ഭവിച്ചപ്പോള്‍ മനസ്സദ്യമാ‍യി ഒന്നു പതറി. ജീവിതചര്യ അടിമുടിയൊന്നു മാറ്റിയെഴുതാന്‍ തന്നെ അടിയന്‍ തീരുമാനിച്ചു. ഒരുദിവസം രാവിലെ എഴുന്നേറ്റു കുളിച്ചുതൊഴുതിട്ടു കത്തുന്ന വിളക്കില്‍നിന്നു ദൂരെ കൈപിടിച്ചുകൊണ്ടു ഞാന്‍ ആ ശപഥം ചെയ്തു. ഇനിമുതല്‍ ദിവസം ഒരു നേരം ഭക്ഷണം അതും ചോറു മാത്രം. ഇതു സത്യം... സത്യം... സത്യം. (സത്യം ചെയ്യലില്‍ എട്ടുവീടരോടു കൂറു തോന്നിയിരുന്നതിനാല്‍ കൈ വിളക്കിനു മുകളില്‍ പിടിക്കണം എന്നു ആഗ്രഹമുണ്ടയിരുന്നു, പിന്നെ വെറുതേ എന്തിനു കൈ കരിക്കണം എന്നു വിചാ‍രിച്ചു വേണ്ടെന്നു വച്ചു. പണ്ടേ ദേഹം നോവുന്നതു എനിക്കു ഇഷ്ടമുള്ള കാര്യമായിരുന്നില്ല).

സത്യമൊക്കെ ചെയ്തുകഴിഞ്ഞാണു പ്രശ്നങ്ങള്‍ പതുക്കെ തലപൊക്കിത്തുടങ്ങിയതു. പ്രഥാന പ്രശ്നം ചെയ്ത സത്യം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ചോറും കറികളും വക്കാനുള്ള സാധനസാമഗ്രികളോ, സാങ്കേതികവിദ്യയോ ഒന്നും തന്നെ വശമില്ല എന്നതു തന്നെയായിരുന്നു. ഇത്തിരി ചോറു വക്കാന്‍ എന്തു സാങ്കേതികവിദ്യ എന്നു നിങ്ങള്‍ എല്ലാം ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവും. എന്നാലുണ്ട്. ചോറെന്നല്ല എന്തു ഭക്ഷണപദാര്‍ത്ഥത്തിനും പിന്നില്‍ ഒരു സാങ്കേതിക വിദ്യ ഉണ്ടു. ആതിന്റെ പ്രാധാന്യം ഇതു വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകും. അടുക്കളയില്‍ പതിവായി കയറുന്ന ശീലം ഇല്ലാ‍തിരുന്നതിനാല്‍ കയ്യില്‍ ആകെയുണ്ടായിരുന്ന രണ്ടുപാത്രങ്ങളില്‍ നോക്കി ഞാന്‍ ഒരു നിമിഷം ധ്യാന നിമഗ്നനായി. ഓര്‍മ്മയില്‍ അമ്മയുടെ ചോറും കറികളും തെളിഞ്ഞു. ഒന്നുകൂടി പിറകോട്ടു പോയി നോക്കി, എവിടെയെങ്കിലും ഞാന്‍ അതിനു സാക്ഷിയായിരുന്നുവോ. അവ്യക്തതയോടെ എന്റെ മനസ്സില്‍ ആ കാഴ്ച തെളിഞ്ഞു വന്നു. അമ്മയതാ നാഴിയില്‍ അരി അളന്നു ഒരു പാത്രത്തിലിടുന്നു, പിന്നീടതു കഴുകി ഒരു കലത്തിലിടുന്നു. അതില്‍ നിറയെ വെള്ളമൊഴിച്ചിട്ടു അടുപ്പില്‍ വച്ചു തീ കൂട്ടുന്നു. യുറേക്കാ.... മതി.. ഈ കാഴ്ച മാത്രം മതിയെനിക്കു. അന്നു വൈകുന്നേരം ചരിത്രം കുറിക്കാനുറപ്പിച്ചു ഞാന്‍ യാത്ര തിരിച്ചപ്പോള്‍ അതൊരു ചരിത്ര ദിവസമായിത്തീരും എന്നു ഒരിക്കലും ഞാന്‍ അറിഞ്ഞിരുന്നില്ല.

വൈകുന്നേരം ഞാന്‍ മുറിയില്‍ അവതരിച്ചതു ഒരു സഞ്ചി അരിയുമായി ആയിരുന്നു. കൈവശം നാട്ടില്‍നിന്നും തന്നയച്ച ഒന്നാംതരം ചമ്മന്തിപ്പൊടിയുണ്ടു എന്നതിനാല്‍ കറിവക്കുന്നതു മറ്റൊരവസരത്തിലാകാം എന്നു ഞാന്‍ തീരുമാനിച്ചു. മാത്രവുമല്ല ചോറിന്റെ ഉണ്ടാകല്‍ പ്രക്രിയയില്‍ അസാമാന്യമായ ശ്രദ്ധ പതിപ്പിക്കാന്‍ ഇതുമൂലം കഴിയും എന്നും ഞാന്‍ മനസ്സിലാക്കി. കൈവശമുണ്ടാ‍യിരുന്ന ഏറ്റവും വലിയ പാത്രമായ ചായപ്പാത്രത്തില്‍ ഒരു ഗ്ലാസ്സില്‍ നിറയെ അരി ഇട്ടു. ഇതു മതിയാകുമോ? എന്തോ എനിക്കത്ര സംത്രിപ്തി വന്നില്ല. ഞാന്‍ വീണ്ടും ഒരു ഗ്ലാസ്സു നിറയെ അരിയിട്ടു. തല്‍ക്കാലം ഇത്രയും മതിയെന്നുറപ്പിച്ചു അതില്‍ നിറയെ വെള്ളം ഒഴിച്ചു തിളപ്പിക്കാന്‍ തുടങ്ങി. തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുന്ന ശുഷ്കാന്തിയോടെ പാത്രത്തിന്റെ അരികില്‍ തെറിച്ചു വീഴുന്ന ചെരിയ അരിമണികളെ ഒരു ചെറിയ സ്പൂണ്‍ കൊണ്ടു നിരക്കി വെള്ളത്തിലേക്കിടാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മനസ്സു നിറയെ വാഴയിലയില്‍ വിളമ്പിവച്ച ഒരു കൂമ്പാരം ചോറായിരുന്നു. സമയം മുന്നോട്ടു നീങ്ങും തോറും എന്റെ മുന്നിലെ ദ്രാവകം കുറേശ്ശെയായി കൊഴുത്തുവന്നുകൊണ്ടിരുന്നു. വിദഗ്ധനായ ഒരു പാചകക്കാരന്റെ ഭാവഭേദങ്ങളോടെ ഞാന്‍ ഇടക്കിടെ അതില്‍നിന്നും അരിമണികളെടുത്തു ഞെക്കി നോക്കിക്കോണ്ടുമിരുന്നു. മണിക്കൂറൊന്നു കഴിഞ്ഞു, വല്ലാത്ത മാനസിക പിരിമുറുക്കം, ചോറായോ എന്നു പറയാന്‍ വയ്യാത്ത ഒരു അവസ്ഥ. മുന്നിലെ കൊഴുത്ത മിശ്രിതത്തില്‍ ഒന്നും തിരിച്ചറിയാന്‍ കഴിയുന്നുമില്ല. ഒടുക്കം ഞാന്‍ എന്നോടുതന്നെ പ്രഖ്യാപിച്ചു, ചോറായി, ഇനി മതിയാക്കാം.

അപ്പോഴാണു പുതിയൊരു പ്രശ്നം മുന്നിലെത്തിയതു. മുന്നിലെ മിശ്രിതത്തില്‍നിന്നും ചോറിനെ എങ്ങിനെ വേര്‍തിരിച്ചെടുക്കും. ആ പ്രശ്നം ഇതുവരെ ഞാന്‍ ചിന്തിച്ചിരുന്നില്ല എന്നു തന്നെ പറയാം. വീണ്ടും ഓര്‍മ്മകളിലൂടെ ഞാന്‍ അമ്മയുടെ അടുത്തെത്തി. ആ ദ്രുശ്യം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. അമ്മയതാ അരി വാര്‍ക്കാന്‍ വച്ചിരിക്കുന്നു, തടികൊണ്ടുള്ള ഒരു അടപ്പുകോണ്ടാണു ആ പാത്രം അടച്ചിരിക്കുന്നതു. ഇവിടെ എവിടെയാണു തടി. ഞാനാകെ വിഷണ്ണനായി. ചുണ്ടിനും കപ്പിനും ഇടയില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥ. ഞാനാണെങ്കില്‍ ചോറും ചമ്മന്തിപ്പൊടിയും സ്വപ്നം കാണുകയും ചെയ്തു. എന്നിലെ ശാസ്ത്ര വിദ്യാര്‍ത്ഥി ഉണര്‍ന്നു. രസതന്ത്ര പരീകഷനശാലയില്‍ ഒരു സെപ്പറേറ്റിങ് ഫണല്‍ ഉണ്ടു. പക്ഷേ ചോറല്ലേ, ച്ചെ... അതു വേണ്ട. ഞാന്‍ വീണ്ടും ആലോചനയില്‍ മുഴുകി. ഐടിയാ. ഞാന്‍ ചാടിയെഴുന്നേറ്റു. പ്രശ്നത്തിനു പരിഹാരം കണ്ട സന്തോഷം എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. കട്ടിലിന്റെ അടിയില്‍ നിന്നും നാട്ടില്‍ നിന്നും കൊണ്ടുവന്ന പെട്ടി നിരക്കി വെളിയില്‍ എടുത്തു. ആതു തുറന്നു അകത്തേക്കു ഞാന്‍ പ്രതീക്ഷയോടെ നോക്കി. നാട്ടില്‍ നിന്നും കൊണ്ടുവന്ന പുതുപുത്തന്‍ ഒരു ഈരിഴ തോര്‍ത്ത്. കൊള്ളാം ഇവന്‍ തന്നെ സാധനം. അതുമായി നേരേ നടന്നു അടുക്കളയില്‍ ചെന്നു. തോര്‍ത്തിന്റെ ഒരറ്റം കടിച്ചു പിടിച്ചു, മറ്റേഅറ്റം ഇടത്തേ കയ്യുകൊണ്ടു വലിച്ചുപിടിച്ചു. ഒരു സര്‍ക്കസ്സുകാരന്റെ മെയ്‌വഴക്കത്തോടെ വലത്തേ കൈ കൊണ്ടു ആ മിശ്രിതം തോര്‍ത്തിലേക്കോഴിച്ചു. നിമിഷങ്ങള്‍ കടന്നു പോയി, ഒന്നും സംഭവിക്കുന്നില്ല. തോര്‍ത്തിന്റെ വിടവുകളിലൂടെ ദ്രാവകം താഴേക്കു വരും എന്ന എന്റെ പ്രവചനത്തെ കറ്റില്‍ പറത്തിക്കൊണ്ടതാ കൊഴുത്ത ഒരു മിശ്രിതം. ഇനി എന്താ ചെയ്യുക. രണ്ടും കല്പിച്ചു ഞാന്‍ ആ തോര്‍ത്തിന്റെ രണ്ടറ്റവും പിടിച്ചു. എന്നിട്ടു സകല ദൈവങ്ങളേയും വിളിച്ചുകൊണ്ടു സര്‍വ്വശക്തിയുമെടുത്തു അതു നന്നായി അങ്ങു പിഴിഞ്ഞു.

വാല്‍ക്കഷണം:
വെളുത്തുരുണ്ട ആ കുഴമ്പില്‍നിന്നും ഒരു സ്പൂണ്‍ തോണ്ടിയെടുത്ത്, സമം ചമ്മന്തിപ്പൊടിയും ചേര്‍ത്ത് കഴിച്ച്, നന്നായി വെള്ളവും കുടിച്ചു മുണ്ടും മുറുക്കിയുടുത്തു ഞാന്‍ ഉറങ്ങാന്‍ കിടന്നു. ചോറുവക്കുന്നതിന്റെ സാങ്കേതികവിദ്യ കണ്ടുപിടിച്ചതിന്റെ സംത്രിപ്തിയായിരുന്നു മനസ്സു നിറയെ.

Friday, April 18, 2008

ആയകാലസ്മരണകള്‍‌, ഭാഗം-3: പുരുഷാര്‍ത്ഥങ്ങള്‍



അടുത്തിടെയാണു C.I.D.‌ ഉണ്ണികൃഷ്ണന്‍ എന്ന സിനിമ വീണ്ടും കാണാന്‍ ഇടയായത്. അതില്‍ കുളക്കടവില്‍ വച്ചു ഇന്ദ്രന്‍സും ജയറാമും തമ്മിലുള്ള ഒരു സംഭാഷണരംഗം ഉണ്ടു. ഏതാണ്ടു ഇങ്ങനെ.

ജയറാം: വെറുതേ കാശു ചിലവാക്കി ഇത്രയും പഠിച്ചു. നീ ആണെടാ ഭാഗ്യവാന്‍, ഏഴാം ക്ലാസ്സിലേ പഠിത്തം നിര്‍ത്തിയില്ലേ.

ഇന്ദ്രന്‍സ്: ആരു പറഞ്ഞു നിര്‍ത്തിയെന്ന്. അവരു നിര്‍ത്തിച്ചതല്ലേ. ഒരു ക്ലാസ്സില്‍ മൂന്ന് പ്രാവിശ്യത്തില്‍ കൂടുതല്‍ പഠിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്തോ ചെയ്യും.

ഇന്ദ്രന്‍സ്: പക്ഷേ പഠിത്തം നിര്‍ത്തിയിട്ടും എന്റെ സംശയങ്ങള്‍ തീര്‍ന്നിരുന്നില്ല.

അപ്പോഴാണു എന്റെ ജീവിതത്തിലെ ഒരു ഏടു തലയും പൊക്കി മുന്നില്‍ വന്നതു. ആയകാലസ്മരണകളില്‍‌ അതിനു ഒരു സ്ഥാനം ഉള്ളതിനാല്‍ അതിവിടെ പറയതിരിക്കാനും വയ്യ.

തോളില്‍‌ ഒരു പരിഷത്ത് സ്ഞ്ചിയുമാ‍യി, നിക്കറും ഉടുപ്പുമിട്ട് സ്കൂള്‍‌ പടി ചവിട്ടുന്ന പ്രായത്തിലേക്കു ഞാന്‍ മടങ്ങിച്ചെല്ലേണ്ടിവരും. ഇവിടെ ഏഴാം ക്ലാസ്സ് ഒരു പോരാട്ടക്കളവും, സാമൂഹ്യപാഠം ഒരു വിഷയവും ആയി ഭവിക്കുന്നു. മുഗളന്മാരുടെയും, മൌര്യന്മാരുടെയും പടയോട്ടക്കാലവും, അശോകന്റെ മനമ്മാറ്റവും ഒക്കെ പഠിക്കുന്നതിനിടയില്‍‌ എപ്പൊഴോ ആണു പ്രസ്തുത സംഭവം തല പൊക്കിയതു. സാമൂഹ്യപാഠത്തില്‍‌ അല്പം വാസന നേരത്തേ തോന്നിയതിനാലാവണം, പാഠങ്ങള്‍ നേരത്തേ വായിച്ചുനോക്കുക ഞാന്‍ ഒരു ശീലമാക്കിയിരുന്നു. നമ്മുടെ നാട്ടിലെ നിരത്തുകളില്‍‌ തട്ടി മുട്ടി ഓടുന്ന ഓട്ടോറിക്ഷ പോലെ, വരികളും വാക്കുകളും ഉണ്ടാക്കുന്ന കുണ്ടിലും കുഴികളിലും തട്ടി മുട്ടി അങ്ങിനെ പോകുംബോഴാണു പ്രസ്തുത ഭാഗത്തായി എന്റെ കണ്ണുടക്കിയതു.

“പുരുഷാര്‍ത്ഥങ്ങള്‍‌“. ആതു നാലെണ്ണമുണ്ടത്രെ. ധര്‍മ്മം, അര്‍ത്ഥം, കാമം, പിന്നെ മോക്ഷം. ഒറ്റ വാചകത്തില്‍‌ പറഞ്ഞു നിര്‍ത്തിയിരിക്കുന്നു. പ്രായത്തിന്റെ നിഷ്കളങ്കത എന്നല്ലാതെ എന്തു പറയാന്‍, ഇതു നാലും എന്താണെന്നു എനിക്കു മനസ്സിലായില്ല. ശ്രീകണ്ടേശ്വരം ഖാണ്ടം ഖാണ്ടമായിട്ടെഴുതിയ തടിച്ച പുസ്തകം കൈവശമില്ലാഞ്ഞിട്ടണോ അതോ അങ്ങിനെ ഒന്നിനെക്കുറിച്ചു കേള്‍‌ക്കാഞ്ഞിട്ടാണോ എന്നറിയില്ല, അന്നുവരെ പഠിച്ചിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ ഇതു നാലും മനസ്സിലാക്കാന്‍ ഞാന്‍ തീരുമാനിച്ചു, ധര്‍മ്മം എന്ന പദത്തിനു സ്വന്തം കര്‍മ്മം എന്നും, അര്‍ത്ഥമെന്നാല്‍ ധനം എന്നും, മോക്ഷം എന്നാല്‍ കെട്ടുപാടുകള്‍‌ വിട്ടെറിഞ്ഞു കാശിക്കു പോകുക എന്നും ഞാന്‍ സ്വയം കണ്ടെത്തി സമാധാനിച്ചു. എങ്കിലും ഇതില്‍ മൂന്നാമത്തേതു ആദ്യമായി കേള്‍‌ക്കുന്ന പദമായതിനാല്‍‌ അതു കൊണ്ടു എന്താണു ഉദ്ദേശിക്കുന്നതു എന്നു എനിക്കു ഒട്ടും മനസ്സിലായിരുന്നില്ല. അങ്ങിനെ അതൊരു തീരാ സംശയമായി എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നു. അവസാനം ഞാന്‍ ഉറപ്പിച്ചു, ടീച്ചറോടു ചോദിക്കാം. അങ്ങിനെ തീരുമാനിച്ചു ഉറപ്പിച്ചതിനു പിന്നിര്‍ രണ്ടു ഉദ്ദേശ്ശങ്ങള്‍‌ ഉണ്ടായിരുന്നു. ഒന്നാമതായി ആ സംശയം അങ്ങിനെ തീര്‍പ്പുകല്‍പ്പിക്കാം. രണ്ടാമതായി പാഠങ്ങള്‍ നേരത്തേ വായിച്ചെന്നും, അത്യാവിശ്യം പഠിക്കാന്‍ താല്പര്യം ഉള്ള കുട്ടിയാണു ഞാന്‍ എന്നും ടീച്ചറെ ബോധ്യപ്പെടുത്തി ക്ലസ്സില്‍‌ ഹീറോ ആകാം. അന്നൊക്കെ ക്ലാസ്സില്‍‌ സംശയം ചോദിക്കുന്ന കുട്ടികളെ ഒക്കെ പഠിക്കുന്ന കുട്ടികളായി കരുതും എന്നൊരു മിധ്യാധാരണ എനിക്കുണ്ടായിരുന്നു. അങ്ങിനെ ഞാന്‍ എന്റെ ദിവസത്തിനായി തക്കം പാര്‍ത്തിരുന്നു.

അവസാനം ആ ദിവസം വന്നെത്തി. ടീച്ചര്‍‌ പതിവുപോലെ പറഞ്ഞുതുടങ്ങി. “ഇനി പുരുഷാര്‍ത്ഥങ്ങള്‍‌ എന്താണെന്നു നോക്കാം. അതു നാലെണ്ണമുണ്ടു. ആദ്യത്തേതു ധര്‍മ്മം, രണ്ടാമത്തേതു അര്‍ത്ഥം, പിന്നെ കാമം, നാലാമത്തേതും അവസാനത്തേതുമാണു മോക്ഷം. ഇനി നമുക്കു അടുത്ത ഭാഗത്തേക്കു കടക്കാം”. ടീച്ചര്‍‌ പറഞ്ഞു നിര്‍ത്തിയതും ഞാന്‍ ഉറക്കെ ചോദിച്ചു. “ടീച്ചറേ ഈ കാമം എന്നുവച്ചാല്‍‌ എന്താ”. ക്ലാസ്സ്‌ പെട്ടെന്നു നിശ്ശബ്ദമായി. എന്തോ കേട്ടു ഞെട്ടിയതുപോലെ ടീച്ചര്‍‌ ദേഷ്യത്തോടെ ചോദിച്ചു. “ആരാടാ അതു ചോദിച്ചതു”. “ഞാനാണു ടീച്ചറേ” ഞാന്‍ പതിയെ എഴുന്നേറ്റുകൊണ്ടു പറഞ്ഞു, എല്ലാവരും ഒരു കുറ്റവാളിയെ നോക്കുന്നതുപോലെ എന്നെ നോക്കി. അവിടിവിടെ പെണ്‍കുട്ടികളും, ആണ്‍കുട്ടികളും എന്തൊക്കെയോ അടക്കം പറയുന്നതു എനിക്കു കേള്‍ക്കാമായിരുന്നു. എന്തോ പന്തികേടുണ്ടല്ലോ എന്നു എന്റെ മനസ്സു മന്ത്രിച്ചു. എന്നെ കണ്ടതും ടീച്ചറിന്റെ മുഖം പതിയെ മാറി. ഗൌരവമുള്ള ആ മുഖത്തു ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. പഠിക്കാന്‍ ഇത്തിരി മിടുക്കനായതുകൊണ്ടാണോ, അതോ എന്റെ നിഷ്കളങ്കത മനസ്സിലാക്കിയതുകൊണ്ടാണോ എന്നറിയില്ല, അവര്‍‌ പറഞ്ഞു. “അമിതമാ‍യ ആഗ്രഹം, തല്‍‌ക്കാലം അത്രയും അറിഞ്ഞാല്‍‌ മതി. ഇരുന്നോളൂ”. ഞാന്‍ പതിയെ ഇരുന്നു. ക്ലാസ്സ്‌ തുടര്‍ന്നെങ്കിലും എനിക്കോന്നും മനസ്സിലായില്ല. ഇടക്കൊക്കെ പെണ്‍കുട്ടികളാരൊക്കെയോ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അമിതമായ ആഗ്രഹം എന്നാ‍ണു ഇതിന്റെ അര്‍ത്ഥമെങ്കില്‍‌ ഇവരൊക്കെ എന്തോ തെറ്റു ചെയ്തപോലെ എന്നെ എന്തിനു നോക്കണം. എവിടെയോ എന്തോ പന്തികേടുണ്ടെന്നു ഞാന്‍ മനസ്സിലാക്കി.

അടുത്ത പിരീഡിനുള്ള മണിയടിച്ചു. ടീച്ചര്‍‌ ഇറങ്ങിപ്പോയി. അടുത്തതു മലയാളം ആണു. കോപ്പി ബുക്കു വക്കാനുണ്ടു. ഞാന്‍‌ കോപ്പി ബുക്കു വച്ചു തിരികെ വന്നു ഇരുന്നതും എന്റെ തോളില്‍‌ ഒരു കൈവന്നു പതിച്ചു. ഞാന്‍ തിരിഞ്ഞുനോക്കി. മത്തായി ആയിരുന്നു അതു. “ഇന്റെര്‍‌വെല്‍‌ ആകുബോള്‍‌ പിറകിലേക്കൊന്നു വരണം”. ശരിയെന്ന ആര്‍ത്ഥത്തില്‍‌ ഞാന്‍ തലയാട്ടി. മത്തായി മിടുക്കനാണു. ആ ക്ലാസ്സില്‍‌ വര്‍ഷങ്ങളുടെ പാരബര്യമുള്ളവന്‍‌. എല്ലാവര്‍‌ക്കും മത്തായിയെ ഒത്തിരി പേടിയും ഇത്തിരി ബഹുമാ‍നവുമൊക്കെയാണു. എന്തുകൊണ്ടോ മത്തായിക്കു എന്നെ വലിയ കാര്യമായിരുന്നു. പരീക്ഷക്കിടയില്‍‌ ഉത്തരങ്ങള്‍‌ കഥകളിമുദ്രാരൂപത്തില്‍ മത്തായിക്കായി അവതരിപ്പിച്ചിരുന്നതു ഇതിനു പകരമായിരുന്നില്ല എന്നുകൂടി ചേര്‍ത്തുകൊള്ളട്ടെ. മത്തായിയെക്കുറിച്ചു ഒരുപാടു പറയാനുണ്ടു എന്നതിനാല്‍‌ അതു മറ്റൊരു അവസരത്തിലേക്കു നീക്കിവയ്ക്കുന്നു. എന്തായാലും ഇന്റെര്‍‌വെല്‍‌ ആയപ്പോള്‍‌ ഞാന്‍‌ മത്തായിയുടെ അടുത്തു ചെന്നു. മത്തായി ഇടത്തോട്ടും വലത്തോട്ടും നോക്കി ആരും ഇല്ല എന്നു ഉറപ്പുവരുത്തിയിട്ടു പറഞ്ഞു. “എന്തുവാടെ ഇതു. ഇതിന്റെ ഒക്കെ അര്‍ത്ഥമാണോ ടീച്ചറിനോടു ചോദിക്കുന്നതു. അറിയാന്‍മേലെങ്കില്‍‌ എന്നോടു ചോദിച്ചാല്‍‌ പോരെ”. അങ്ങിനെ മത്തായി എന്നോടു അര്‍ത്ഥം വിശദീകരിക്കാന്‍ തുടങ്ങി. അപ്പോഴാണു ഞാന്‍ ചോദിച്ചതു എന്തായിരുന്നു എന്നും അതു എങ്ങിനെ വിവക്ഷിക്കപ്പെട്ടു എന്നും എനിക്കു മനസ്സിലായതു. ആ ചമ്മല്‍‌ ഒന്നു മാറിക്കിട്ടാന്‍‌ എനിക്കൊരുപാടു നാളെടുത്തു. പിന്നീടു എല്ലായ്പ്പോഴും സംശയം ചോദിക്കുന്നതിനു മുന്‍പു ഞാന്‍ മൂന്നുവട്ടം ആലോചിക്കുമായിരുന്നു.


Wednesday, March 12, 2008

ഇയ്യാംപാറ്റകള്‍‍

മീനച്ചൂടില്‍ തപിച്ച മണ്ണിനെ പ്രണയം പുതുമഴയായി ചുംബിച്ചു.

മണ്ണിന്റെ ചുടു നെടുവീര്‍പ്പില്‍ ചിറകു മുളച്ചോരു ചിതല്‍ കൂട്ടരെ
വിട്ടു ആകാശത്തിലേക്ക് പതിയെ പറന്നുയര്‍ന്നു.

വെളിച്ചം മങ്ങിയപ്പോള്‍ അങ്ങു ദൂരെ ഉമ്മറത്തു തിരിയിട്ടു തെളിച്ച
ഒരു നിലവിളക്കിനടുത്തേക്കു മുറ്റത്തു തീര്‍ത്ത തീക്കൂനയില്‍ വീഴാതെ
അവന്‍ പറന്നെത്തി.

പുസ്തകത്തില്‍ പറന്നിരിക്കുമ്പോള്‍ ആ കൊച്ചു കുട്ടിയുടെ കൌതുകത്താല്‍
ഒരു ചെറിയ ചില്ലുകുപ്പിയില്‍ അടക്കപ്പെട്ടു. ചുമരില്‍ ഇരുന്ന ഒരു
മിന്നാമിന്നിയെ നോക്കി അവന്‍ കിനാവു കണ്ടുതുടങ്ങി.

മാനം തെളിയുമ്പോള്‍ ഈ ചില്ലുപത്രത്തിന്റെ മൂടി തുറക്കപ്പെടും.
ഇന്നലെ പെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണീനു മീതേ കൂടൂതല്‍
ഉയരത്തിലെക്കു വേഗത്തില്‍ പറക്കും.

പിന്നീടെപ്പോഴോ ഒരിക്കല്‍ മഴയില്‍ കുതിര്‍ന്നും മണ്ണില്‍ ലയിച്ചും വീണ്ടും
ചിതലുകളായി ജീവിതം തുടരുകയായി.

Monday, October 23, 2006

ക്യാന്‍വാസ്

എത്രയോ ചിത്രങ്ങള്‍ വരക്കുകയും മായ്ക്കുകയും ചെയ്ത വലിയ ആ ക്യാന്‍വാസ്...
ആതിന്റെ ഒരു കോണില്‍ പെയിന്റില്‍ മുക്കിയ ബ്രഷുമായി,
ആരൊക്കെയോ ചോദിച്ച, ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരു മുഖം വരക്കാന്‍ അയാള്‍ ഇരുന്നു.
പിന്നീട് എപ്പോഴോ, ആരൊക്കെയോ പറയുന്നതു കേട്ടു,
ആ ചിത്രത്തിന് അയളുടെ ഛായ ഉണ്ടെന്നു.

Wednesday, August 30, 2006

ആയകാല സ്മരണകള്‍ ഭാഗം - 2, മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്


അപ്പോള്‍ നേരത്തേ പറഞ്ഞ് നിര്‍ത്തിയ ഇടത്തുനിന്നും ഒരു മൂന്ന് വര്‍ഷങ്ങള്‍ പിന്നോട്ടു നിങ്ങളെ ഞാന്‍ കൊണ്ട് പോകുന്നു, ഒരു പ്രധാന വ്യക്തിയെ പരിചയപ്പെടുത്താന്‍. കാലം കുറച്ച് പിന്നോക്കം പോകുബോള്‍ കഥാനായകന്‍ ആയ എനിക്കും കുറച്ച് മാറ്റമൊക്കെ വേണമല്ലോ, ഒരു ബിരുദ വിദ്യര്‍ത്ഥിയുടെ കുപ്പായമിടീച്ച്, കഥകളിയുടെ ജന്മദേശത്തുള്ള ഒരു ക്ര്യസ്ത്യന്‍ കലാലയത്തില്‍ തല്‍ക്കാലം കുടിയിരുത്താം. അവിടെ വച്ചാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. പോള്‍, പേരിനോട് നീതിപുലര്‍ത്തുന്ന രൂപം. ഒരു പച്ച ഈര്‍ക്കില്‍ ഖദര്‍ ചുറ്റി മുറ്റത്ത് കുത്തിനിര്‍ത്തിയാല്‍ എന്ത് കിട്ടുമോ അതാണ് പോളിന്റെ ശരീ‍രശാസ്ത്രം. “പൊക്കമില്ലായ്മയാണെന്റെ പൊക്കംഎന്ന് പണ്ട് കുഞ്ഞുണ്ണിമാഷ് പാടിയതുപോലെ, “ശക്തിയില്ലായ്മയാണെന്റെ ശക്തിഎന്നു വിളിച്ചറിയിക്കുന്നതായിരുന്നു പോളിന്റെ ശരീരപ്രക്രുതി. തികഞ്ഞ ഒരു ഗാന്ധിയനാണ് എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിയാ‍ണ് പോള്‍. തിരക്കേറിയ കവലകളിലും, ബസ്റ്റാന്റ്റിലും, സമരപ്പന്തലിലും പോളിനെ കണ്ടെത്താന്‍ കഴിയും. ഏഴു താടിരോമങ്ങള്‍ ആണ് പോളിന്റെ പ്രധാന ആകര്‍ഷണം. അവ ഏഴും ഏഴു ഭൂഖണ്ഡങ്ങളാണെന്നാണ് പോള്‍ അവകാശപ്പെടുന്നത്. കടുത്ത അമേരിക്കന്‍ വിരോധിയായതുകൊണ്ട്, ഒരു സുപ്രഭാതത്തില്‍ പോള്‍ തന്റെ ഏഴാമത്തെ രോമം പിഴുതെറിഞ്ഞു. ഇപ്പോള്‍ അവിടെ വെറും ആറ് ലോല രോമങ്ങള്‍ മാത്രം.


മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും പോളിനെ തൊട്ടുതീണ്ടിയിട്ടില്ല, പക്ഷേസാമൂഹ്യസേവനംഎന്ന വലിയ ഒരു ബലഹീനത പോളിന് ഉണ്ട്. തെറ്റായി എന്തു തന്നെ സമൂഹത്തില്‍ കണ്ടാലും പോള്‍ പ്രതികരിക്കും. ഇതുകാരണം പലപ്പോഴും ലോല മേനിയില്‍ ദണ്ഡനോത്സവത്തിന് കൊടിയേറ്റം നടന്നിട്ടുണ്ടെങ്കിലും, നേരത്തേ പറഞ്ഞശ്ക്തിയില്ലയ്മകാരണം പലപ്പോഴും അതു ഭാവിയിലേക്കുള്ള ഒരു ജപ്തി നോട്ടീസ്സ് ആകാറാണ് പതിവ്. കലാലയത്തിലെ ക്യാന്റ്റീനിന്റെ ദുരവസ്ഥ വളരെപ്പെട്ടന്നാണ് പോളില്‍ ചലനങ്ങള്‍ സ്രുഷ്ഠിച്ചത്, ഒരു സുപ്രഭാതത്തില്‍ പോള്‍ പ്രഖ്യാപനം നടത്തി. ക്യന്റ്റീനിലെ ദുരവസ്ഥ പരിഹരിക്കുന്നതു വരെ താന്‍ നിരാഹാരത്തില്‍ ആയിരിക്കും എന്ന്. പിറ്റേന്ന് രാവിലെ എല്ലാവരും ഹ്ര്യദയഭേദകമായ കാഴ്ച കണ്ടു, തോളില്‍ ഒരു നാറിയ സഞ്ചിയും, കക്ഷത്തില്‍ ഒരു ചുരുട്ടിയ പഴമ്പായുമായി പോള്‍ കലാലയത്തിന്റെ പടികള്‍ ചവിട്ടുന്നതു. നിര്‍ഭാഗ്യവശാല്‍, പോളിനു തന്റെ നിരാഹാരം തുടങ്ങാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് തന്നെ പ്രിന്‍സിപ്പാള്‍ ഇടപെട്ട് സത്വരനടപടി എടുക്കും എന്ന് വഗ്ദാനം ചെയ്തു.[അവിടെയും പോളിനു ബലമായത് പോളിന്റെ ശരീരഭംഗി തന്നെ] ആങ്ങിനെ ഒരു പട്ടിണിമരണത്തില്‍ നിന്നും പോള്‍ രക്ഷപെടുകയായിരുന്നു.


അതിരുകടന്ന വായനയും, അറിവില്‍കവിഞ്ഞ ആത്മവിശ്വാസവും പോളിനെ പലപ്പോഴും കുഴിയില്‍ ചാടിച്ചിട്ടുണ്ട്. അറിവ് അഥവാ വിവരം അഥവാ ആശയങ്ങള്‍ മസ്തിഷ്കത്തിനുള്ളില്‍ വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ സ്രുഷ്ടിക്കുബോള്‍ പോള്‍ പലപ്പോഴും തരുണീമണികള്‍ക്കു മുന്നില്‍ സ്വയം അവതരിക്കാറുണ്ട്. ബൌധികമായ ഞ്യാനം പെണ്‍കിടാങ്ങള്‍ക്കാണ് അധികവും കിട്ടേണ്ടത് എന്നാണ് പോള്‍ അതിനു പറയുന്ന കാരണം. നല്ല ഉദ്ദേശ്ശ്യത്തോടെ ചെയ്യുന്നതാണെങ്കിലും പലപ്പോഴും പഞ്ചസാരച്ചാക്കുകളുമായി പെണ്‍കിടാങ്ങളുടെ അടുത്ത് ചെന്നിരുന്ന പലരുടെയും കണ്ണില്‍ പോള്‍ ഒരു കരടായി മാറിക്കൊണ്ടിരുന്നു. അസംഖ്യം താക്കീതുകള്‍, കത്തിന്റെയും വക്കുകളുടെയും രൂപത്തില്‍ പോളിനെ തേടിയെത്തി. ഓഷോ രജനീഷിനെ പെണ്‍കിടാങ്ങള്‍ക്ക് പരിചയപ്പെടുത്തിയതോടെ ചരിത്രത്തിലദ്യമായി പോളിന്റ്റെ ശരീരത്തില്‍ പൂഴിമണ്ണ് വീഴാനിടയായി. സംഭവത്തെക്കുറിച്ച് പോള്‍ തന്നെ പറയുന്നത് ഇങ്ങനെ. “ രാ‍ക്ഷസന്‍ എന്നെ വലിച്ചിഴച്ചു. എന്റെ കുപ്പായം കശ്മലന്‍ വലിച്ച് കീറി. എന്നെ അവന്‍ ആഞ്ഞടിച്ചു... സംസ്കാ‍രമുള്ളവന്‍ അതു ചെയ്യുമോ?”.. കുപ്പാ‍യം കീറിയതു നന്നയെന്ന് എനിക്കും തോന്നി. അങ്ങിനെയെങ്കിലും ഗന്ധത്തിന് ഒരു ശമനം വരുമല്ലോ. “എനിക്കതില്‍ ഒട്ടും തന്നെ സങ്കടം തോന്നിയില്ലപോള്‍ തുടര്‍ന്നു. “അവന്‍ എന്റെ തൂലിക തട്ടിയെടുത്ത് നിലത്തിട്ടു. എന്നിട്ട് അവന്‍ അതില്‍ ചവിട്ടി. അത് പൊട്ടി മഷി നാലുപാടും ചീറ്റി, അതു വരച്ച ചിത്രം എന്താണെന്ന് ഗോപന് പറയാന്‍ കഴിയുമോ?” കുഴപ്പമായോ, ഇതിപ്പോള്‍ എന്നോടാണല്ലോ ദൈവമേ ചോദ്യം, ഞാന്‍ ഒന്നു പരുങ്ങി. പോള്‍ എന്റെ മുഖത്തുതന്നെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു, ഒരിക്കലും എനിക്കു ഉത്തരം നല്‍കാന്‍ പറ്റാത്ത ഒരു ചോദ്യം എറിഞ്ഞ് തന്നിട്ടുണ്ടല്ലോ. ഒരു മിനിറ്റ് കഴിഞ്ഞ് കാണുമാരിക്കും, പോള്‍ തുടര്‍ന്നുഒരു പക്ഷേ എന്റെ മാസ്റ്റെര്‍പ്പീ‍സ് മഷിത്തുള്ളികളില്ലൂടെ ആയിരിക്കാം ജന്മം കൊള്ളേണ്ടിയിരുന്നത്ഭാഗ്യം, രക്ഷപെട്ടു എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. പിന്നീട് എന്തുകൊണ്ടോ പോള്‍ ബൌധിക ഉപദേശങ്ങളില്‍ നിന്നും സ്വയം പിന്വാങ്ങിയതായി എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇടയ്ക്കെപ്പോഴോ ആരോ പറഞ്ഞ് കേട്ടതോര്‍ക്കുന്നുഗാന്ധിജയന്തി ദിനത്തില്‍ ഞങ്ങള്‍ പോളിനെ കുളിപ്പിക്കാന്‍ തീരുമാനിച്ചുഅങ്ങിനെ ഒരിക്കലും സംഭവിക്കില്ല എന്നതു എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യവുമായിരുന്നു.

പോളിനെ കുറിച്ച് ഒരുപാട് എഴുതാനുണ്ടെങ്കിലും പെട്ടന്ന് മനസ്സില്‍ ഓടിയെത്തുന്നതു ഇതൊക്കെയാണ്. അവസാനമായി ഞാന്‍ പോളിനെ കണ്ടത് കഴിഞ്ഞ ജനുവരിയിലാണ്. അന്നത്തെ പോളില്‍ നിന്നും ഇന്നതെ അദ്ധ്യാപകനിലേക്ക് പോള്‍ ഒരുപാട് വളര്‍ന്നതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പക്ഷേ തിരക്കുകള്‍ക്കിടയിലും സാഹിത്യത്തിനും, സാമൂഹ്യ സേവനത്തിനും തന്റെ സമയത്തിന്റെ നല്ല ഒരു ഭാഗം നീക്കിവക്കാന്‍ പോള്‍ ഇന്നും ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെ ഹ്രുദയത്തില്‍ വ്യക്തിയോടുള്ള ബഹുമാനം ഇരട്ടിക്കുകയായിരുന്നു.


*****
കഥക്ക് കല്പനയുടെ പരിവേഷം കുറച്ചധികം ഉള്ളതിനാല്‍, ചിലപ്പോള്‍ സംഭവങ്ങള്‍ വളച്ചൊടിക്കപ്പെട്ടേക്കാം. എഴുത്തുകാരന്‍ ക്ഷമാപണം നടത്തിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരുമായി കഥക്ക് യാതൊരു ബന്ധവുമില്ല, അഥവാ അങ്ങിനെ തോന്നിയാല്‍, തോന്നല്‍ അങ്ങ് നിര്‍ത്തിയാല്‍ മതി.